യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാർത്ഥികളുടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടർന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാർത്ഥികളുടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രാഹുല്‍ ഗാന്ധി എംപിയുടെ കത്ത്. വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെ യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം രാഹുല്‍ ഗാന്ധിയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്‍റെ പകര്‍പ്പ് സഹിതമാണ് രാഹുല്‍ ഗാന്ധി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് കത്തയച്ചത്.

യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം വഴിമുട്ടിയ സ്ഥിതിയിലാണ്. ഇവര്‍ക്ക് പഠനം പൂർത്തിയാക്കാന്‍ കേന്ദ്രം അവസരമൊരുക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണം. ഇന്ത്യയിലോ അല്ലെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളിലോ ഇവരുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാർത്ഥികളെന്നും എത്രയും വേഗം വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

 

 

 

Comments (0)
Add Comment