ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ച് ; ഭരണഘടനാ ലംഘനമെന്നും സിഎജി റിപ്പോർട്ട് ; ഇ.ഡി പിടിമുറുക്കും

Jaihind Webdesk
Tuesday, December 1, 2020

 

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്ക്  വേണ്ടി പിണറായി സർക്കാർ പല കരാറുകളും നല്‍കിയത് വഴിവിട്ടാണെന്ന് കണ്ടെത്തല്‍ സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ നിയമങ്ങളും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചാണ് പല കരാറുകളും നല്‍കിയത്. കരാർ ലംഘനം ഭരണഘടന ലംഘിച്ചെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ട്. 2018ല്‍ സംസ്ഥാന നിയമസഭയില്‍ സമർപ്പിച്ച സിഎജി റിപ്പോർട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിഎജി ശുപാർശ ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മന്ത്രിസഭായോഗങ്ങളില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് നിയമം കാറ്റില്‍പ്പറത്തി പലകരാറുകളും നല്‍കിയത്. ഉദാഹരണമായി സഹകരണ വകുപ്പ് നിയമപ്രകാരം 25 കോടി രൂപയുടെ കരാറുകള്‍ എടുക്കാനേ ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്ക് കഴിയുകയുള്ളൂ. എന്നാല്‍ പിണറായി സർക്കാർ അത് 50 കോടിയാക്കി അനുവദിച്ചു. പിന്നീട് കൊച്ചിന്‍ ഇന്നൊവേഷന്‍ സോണ്‍ കെട്ടിടം നിർമ്മിക്കാന്‍ 215.26 കോടിയുടെ കരാർ ഊരാളുങ്കലിന്  നല്‍കിയിരുന്നു. ഈ കരാരിന് നല്‍കുന്ന വിശദീകരണക്കുറിപ്പും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി തന്നെ നല്‍കുകയും ചെയ്തു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍റെയോ ധനകാര്യവകുപ്പിന്‍റെയോ തന്നെ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ 809.93 കോടിയുടെ 5 കരാറുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായാണ് നേരത്തെ സിഎജി കണ്ടെത്തിയത്. എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഈ നടപടിയെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ തീരുമാനമെല്ലാം മന്ത്രിസഭയുടേതാണെന്നും പൊതുമരാമത്ത് സ്പെഷ്യല്‍ സെക്രട്ടറി സിഎജിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പബ്ലിക് അക്കൗണ്ടന്‍സ്‌ കമ്മിറ്റിയും ഈ ചട്ടലംഘനത്തിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ചതായും സിഎജി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കരാറുകള്‍ നല്‍കുന്നതില്‍ വ്യക്തമായ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുടെന്‍ഡർ വഴിയോ ലേലം വഴിയോ ആയിരിക്കണമെന്നും വ്യവസ്ഥ ഉള്ളപ്പോഴാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയത് ആരുടെ താല്‍പര്യത്തിന് വേണ്ടിയാണെന്ന ചോദ്യം ഉയരുന്നത്.

ടെന്‍ഡർ വ്യവസ്ഥകള്‍ അട്ടിമറിച്ച് കരാറുകള്‍ ഊരാളുങ്കലിന് നല്‍കിയതുവഴി സംസ്ഥാനത്തെ ചെറുകിട കരാറുകാരും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്. ഓപ്പണ്‍ ടെന്‍ഡർ ഇല്ലാതെ സർക്കാർ കരാറുകള്‍ ഊരാളുങ്കലിന് മാത്രമായി നല്‍കുമ്പാേള്‍ നിസഹായരായി ചെറുകിട കർഷകർക്കും തൊഴിലാളികള്‍ക്കും നോക്കി നില്‍ക്കാനെ കഴിയുന്നുള്ളൂ.

അതേസമയം ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍റെ ബന്ധത്തെക്കുറിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വഴിവിട്ട ഇടപാടുകളെക്കുറിച്ചും ഇ.ഡി അന്വേണം തുടരുന്നുവെന്നാണ് സൂചന.