ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഗുജറാത്ത് സർക്കാർ; സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ; കൊവിഡ് അടിയന്തര സേവനങ്ങളും തടസപ്പെടും

Jaihind Webdesk
Thursday, August 12, 2021

 

ഗാന്ധിനഗർ : സര്‍ക്കാർ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം പുനഃരാരംഭിച്ച് ഗുജറാത്തിലെ ജൂനിയർ ഡോക്ടർമാർ. വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ ഓഗസ്റ്റ് 4 മുതല്‍ സമരത്തിലായിരുന്നു. കൊവിഡ് മുന്നണി പോരാളികളായ തങ്ങള്‍ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് കാട്ടി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരം അവസാനിപ്പിക്കുകയാണെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സർക്കാർ തയാറാകുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതില്‍ തുടർ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജൂനിയർ ഡോക്ടർമാർ സമരം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയത്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗം കേള്‍ക്കാന്‍ തയാറാകാതിരുന്ന സർക്കാർ ഭീഷണിയിലൂടെ സമരം അവസാനിപ്പിക്കാന്‍ സമ്മർദ്ദം ചെലുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.  മെഡിക്കല്‍ ഇന്‍റേണ്‍ഷിപ്പ് വിദ്യാർത്ഥികള്‍ സമരത്തെ പിന്തുണച്ചാല്‍ ഇന്‍റേണ്‍ഷിപ്പ് കാലാവധി നീട്ടുന്നതടക്കമുള്ള നടപടി നേരിടേണ്ടിവരുമെന്ന് താക്കീത് നല്‍കി. സമരം തുടർന്നതോടെ കൊവിഡ് അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടസം നേരിടുന്ന അവസ്ഥയുണ്ടായി. തുടർന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഇടപെട്ട് അനുകൂല ഉറപ്പ് നല്‍കിയതിന് പിന്നാലെ ഒരു ദിവസം സമരം നിർത്തിവെച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് സർക്കാർ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാരുടെ സംഘടനയായ ജെഡിഎ (ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍) വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സമരം പുനരാരംഭിക്കുകയാണെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ജൂനിയർ ഡോക്ടർമാരുടെ തീരുമാനം.