‘മറ്റേപ്രശ്നത്തില്‍ ശശിയാകാൻ’ ഞങ്ങളില്ല: പാലക്കാട് DYFI ജില്ലാ സമ്മേളനത്തിൽ സ്വരാജിനെതിരെ വനിതാ പ്രതിനിധികളുടെ വിമർശനം

Jaihind Webdesk
Monday, October 29, 2018

പാലക്കാട് : പി.കെ ശശിക്കെതിരായ പീഡനാരോപണം പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടെന്ന ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്‍റെ നിർദേശത്തിനെതിരെ വനിതാ പ്രതിനിധികളുടെ രൂക്ഷവിമർശനം. ജില്ലാ സമ്മേളനത്തിൽ എന്ത് ചർച്ച ചെയ്യണമെന്ന് സംഘടനയുടെ സംസ്ഥാന കമ്മിറ്റിയല്ല തീരുമാനിക്കേണ്ടതെന്ന വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്.തങ്ങള്‍ പിന്നെ എവിടെ അഭിപ്രായം പറയുമെന്ന് പ്രതിനിധികള്‍ ചോദിച്ചു. റിപ്പോർട്ട് അവതരണത്തിന് ശേഷമാണ് വിഷയത്തിൽ കടുത്ത വിമർശനമുയർത്തി വനിതാ പ്രതിനിധികളടക്കം ഉന്നയിച്ച വിമര്‍ശനത്തിന് കടിഞ്ഞാണിടാന്‍ പ്രിസീഡിയം ഇടപെടുകയും ചെയ്തു. പാലക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്. നേരത്തെ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡനാരോപണ പരാതി ചർച്ച ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികളിലെ വേദികളിൽ പി.കെ ശശിയുടെ സാന്നിധ്യവും വലിയ ചർച്ചയായിരുന്നു. ശശിക്കെതിരായ പരാതി അന്വേഷിക്കാൻ സി.പി.എം ചുമതല നൽകിയിരിക്കുന്ന കമ്മീഷനിൽ അംഗമായ മന്ത്രി എ.കെ ബാലനുമൊത്ത് തച്ചമ്പാറയിൽ സി.പി.എമ്മിന്‍റെ പൊതുപരിപാടിയിൽ വേദി പങ്കിട്ടതാണ് ഏറെ വിവാദമായത്. ചടങ്ങിൽ ‘മറ്റേ പ്രശ്‌നം’ ഒന്നുമല്ലെന്ന് ശശിക്കെതിരായ പീഡനാരോപണത്തിന്‍റെ പേരെടുത്ത് പറയാതെ ബാലൻ പ്രസംഗിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ യോഗത്തിലും ശശി വേദിയിലുണ്ടായിരുന്നു.
പീഡനാരോപണ പരാതിയിൽ പാർട്ടി ശശിക്കൊപ്പമെന്ന സന്ദേശം വ്യക്തമായി പുറത്തുവിടുന്ന സാഹചര്യം ഒരുങ്ങുമ്പോഴാണ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ സ്വരാജിനെതിരായ വിമർശനമെന്നതും ശ്രദ്ധേയമാണ്.

ശശിക്കെതിരായി ഡി.വൈ.എഫ്.ഐ വനിതാനേതാവ് നൽകിയ പരാതി ആദ്യം തന്നെ ഒതുക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ശ്രമം നടത്തിയിരുന്നു. ഇതോടെ യുവതിക്കൊപ്പമുള്ള നേതാക്കൾ പരാതി സി.പി.എം ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതേത്തുടർന്ന് പരാതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം നിർബന്ധിതരാവുകയും തുടർന്ന് പരാതി അന്വേഷിക്കാൻ മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങുന്ന അന്വേഷണകമ്മീഷനെ നിയമിക്കുകയുമായിരുന്നു. എന്നാൽ കമ്മീഷനെ നിയമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തയാറായിട്ടില്ല. പാർട്ടി അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നിലവിൽ എത്തിച്ചേർന്നിട്ടുള്ളത്.