‘ഭരണപരാജയം ഗുരുതരം’; തെരുവുനായ വിഷയത്തിൽ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി

Jaihind News Bureau
Wednesday, January 7, 2026

ഡല്‍ഹി: തെരുവുനായ ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ രാജ്യവ്യാപകമായി ഗുരുതരമായ ഭരണപരാജയം ഉണ്ടെന്ന് സുപ്രീം കോടതി. നിലവിലുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി.

തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലാണ് വാദം പുരോഗമിക്കുന്നത്. നേരത്തെ നൽകിയ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചെങ്കിലും, തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.

സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലും ആക്രമണ സാധ്യതയുള്ള നായകളെ നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കി. അതേസമയം തെരുവുനായകളുടെ കൃത്യമായ എണ്ണം പോലും സംസ്ഥാനങ്ങൾക്ക് അറിയില്ലെന്നും ബോധവൽക്കരണത്തിലൂടെ മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ.

മൃഗസ്നേഹികളുടെ സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പൊതുജന ബോധവൽക്കരണം വർധിപ്പിച്ചാൽ തെരുവുനായ ആക്രമണങ്ങൾ കുറയ്ക്കാനാകുമെന്ന വാദം ഉന്നയിച്ചു. ഇതിന് മറുപടിയായി ആക്രമണ സ്വഭാവം മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സ്ഥാപനപരമായ ഇടങ്ങളിൽ നിന്ന് നായകളെ മാറ്റുന്നത് എന്തുകൊണ്ട് എതിർക്കുന്നുവെന്ന് ബെഞ്ച് ചോദിച്ചു. ഇത്തരം സ്ഥലങ്ങളിൽ മാത്രം ബാധകമായ പരിഷ്‌കരിച്ച ഉത്തരവാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും ഇത് പൊതുജന റോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാർ തെരുവുനായ ആക്രമണത്തിന് ഇരയായ സംഭവവും കോടതി ചൂണ്ടിക്കാട്ടി. ആക്രമകാരികളായ നായകളെ ഇല്ലാതാക്കാൻ നിയമപരമായ നടപടി വേണമെന്ന് നായക്കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകൻ വി.കെ. ബിജു ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഹർജിക്കാരൻ സാബു സ്റ്റീഫൻ നായക്കടിയേറ്റവരുടെ ചിത്രങ്ങൾ കോടതിയിൽ അവതരിപ്പിച്ചും വാദം ശക്തമാക്കി. കേസിലെ വാദം നാളെയും തുടരും.