‘എക്സിറ്റ് പോള്‍ ഫലം ഗൂഢാലോചനയുടെ ഭാഗം; ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും, കരുതിയിരിക്കുക’ : ഉപേന്ദ്ര കുശ്‌വാഹ

Jaihind Webdesk
Tuesday, May 21, 2019

ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്‌വാഹ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്ന് കുശ്‌വാഹ മുന്നറിയിപ്പ് നല്‍കി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കുശ്‌വാഹ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുകയാണെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും കുശ്‌വാഹ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.

‘മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട എക്‌സിറ്റ് പോളുകള്‍ കൊണ്ട് ഫലം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും. അതിന് ധാര്‍മികമോ അധാര്‍മികമോ ആയ ഏത് മാര്‍ഗവും അവര്‍ സ്വീകരിക്കും. വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ്.’- കുശ്‌വാഹ ആരോപിച്ചു.

എക്സിറ്റ് പോള്‍ ബി.ജെ.പി സൈക്കോളജിക്കല്‍ ഉപകരണമാക്കുകയാണ്. ബൂത്തുപിടിത്തം പോലെയാണ് ഈ എക്‌സിറ്റ് പോളുകള്‍. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ് ഈ എക്സിറ്റ് പോളെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട അട്ടിമറികളില്‍ ജനം രോഷാകുലരാണ്. തെരഞ്ഞെടുപ്പ് അട്ടിമറി നടത്താനാണ് ബി.ജെ.പിയുടെ നീക്കമെങ്കില്‍ തെരുവില്‍ ചോരയൊഴുകുമെന്നും കുശ്‌വാഹ പറഞ്ഞു. മോദി മന്ത്രിസഭയില്‍ മാനവവിഭവശേഷി സഹമന്ത്രിയായിരുന്നു കുശ്‌വാഹ. എന്നാല്‍ ബി.ജെ.പിയുടെ നയങ്ങളോട് ചേര്‍ന്നുപോകാനാകാതെ എന്‍.ഡി.എ സഖ്യം ഉപോക്ഷിക്കുകയായിരുന്നു. ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമാണിപ്പോള്‍ ആര്‍.എല്‍.എസ്.പി.