ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമം; അക്രമത്തിന് പിന്നില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെയുള്ളവര്‍

Jaihind News Bureau
Thursday, December 5, 2019


ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവർ ചേർന്ന് തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന പെൺകുട്ടിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.പെൺകുട്ടി കോടതിയിലേക്ക് പോകുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കൂടുതൽ ചികിത്സക്കായി പെൺകുട്ടിയെ ലഖ്നൗവിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച പെൺകുട്ടി മരണത്തോട് മല്ലിടുകയാണ്. ഉന്നാവിലെ ഹിന്ദുനഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേർ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് മൂന്ന് പേർ ചേർന്ന് മാസങ്ങളോളം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.