ലക്നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്കയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം പ്രിയങ്കാ ഗാന്ധിയെ ഹാർഗാവിൽനിന്ന് അറസ്റ്റ് ചെയ്തതായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കർഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലർച്ചെയാണ് പ്രിയങ്കാ ഗാന്ധി ലഖിംപുർ ഖേരിയിലെത്തിയത്. ഇത് കർഷകരുടെ രാജ്യമാണെന്നും കർഷകരെ കാണുന്നതിൽനിന്ന് തന്നെ തടയുന്നത് എന്തിനാണെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു. നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്നൗവില്‍ വെച്ച് യുപി പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ പ്രിയങ്കാ ഗാന്ധിയും സംഘവും ലഖിംപുർ ഖേരിയിലേക്ക് പോവുകയായിരുന്നു. ആദ്യം കാല്‍നടയായും തുടര്‍ന്ന് വാഹനത്തിലുമായിരുന്നു യാത്ര.
ലഖിംപുർ ഖേരിയിലെ കർഷക പ്രതിഷേധത്തിനിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറിയതിനെ തുടർന്ന് 4 പേരും ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് 4 പേരും കൊല്ലപ്പെട്ടിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണെന്ന് കർഷകര്‍ ആരോപിച്ചു. അജയ് മിശ്ര രാജിവെക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.
जब सत्ता ही असुर बन जाये,
तो 'दुर्गा' को जन्म लेना पड़ता हैProud of my leader @priyankagandhi pic.twitter.com/MFoaSC0jEB
— Srinivas BV (@srinivasiyc) October 4, 2021