ചിന്‍മായനന്ദിനെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുന്നു; ആരതി ഉഴിഞ്ഞ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനെതിരെ കേസെടുക്കുന്നില്ല: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, September 29, 2019

നിയമ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ യു.പി. ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചിന്മയാനന്ദിനെ ആരതി ഉഴിഞ്ഞതിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘ഒരു വര്‍ഷം മുന്‍പ് ചിന്മായനന്ദിനെ ഷജഹന്‍പൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരതി ഉഴിഞ്ഞിരുന്നു. പത്രത്തിലെല്ലാം ഇതുവന്നതുമാണ്. തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഭരണകൂടം മുഴുവനായി അദ്ദേഹത്തെ സംരക്ഷിക്കുകയാണ്.’

നേരത്തെ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത യു.പി പൊലീസിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഉന്നാവോയിലെ പെണ്‍കുട്ടിയുടെ കേസിന് സമാനമാണ് ഷാജഹാന്‍പുരിലെ പെണ്‍കുട്ടിയുടെ കേസെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. ‘ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. അമ്മാവനെ അറസ്റ്റ് ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസില്‍ പ്രതിയായ കുല്‍ദീപ് സെന്‍ഗറിനെ അറസ്റ്റ് ചെയ്തത്. ഇതിന് സമാനമാണ് ഷാജഹാന്‍പുരിലെ പെണ്‍കുട്ടിയുടെ കേസ്.’ ബുധനാഴ്ചയാണ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ നിയമവിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദ് നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി സമര്‍പ്പിക്കുന്നതിന് ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന തന്നെ ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.