നിയമ രാഷ്ട്രീയ പോരാട്ടത്തിന് വഴി തുറന്നിരിക്കുന്ന കേരള സര്‍വകലാശാല രജിസ്്ട്രാറുടെ സസ്പെന്‍ഷനിലെ തുറന്ന പോര് അസാധാരണമായ സ്ഥിതിവിശേഷമാണ് സര്‍വ്വകലാശാലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം താല്കാലിക വി സി സിസ തോമസിനെ വെല്ലുവിളിച്ചുകൊണ്ട് സിന്‍ഡിക്കേറ്റ് രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കുകയും ഡോ.കെ എസ് അനില്‍ കുമാറിനെ വീണ്ടും ചുമതലയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സിന്‍ഡിക്കേറ്റിന്റെ ഈ നീക്കവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഇന്ന് രാവിലെ 9 മണിക്ക് മുമ്പ് നല്‍കണമെന്ന് ജോയിന്റ് രജിസ്ട്രാറോട് വിസി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സിസാ തോമസിന്റെ നിര്‍ദ്ദേശം തള്ളി റിപ്പോര്‍ട്ട് നല്‍കുന്നതിന് രണ്ടാഴ്ച സാവകാശം തേടിയശേഷം ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍ പോവുകയായിരുന്നു. ഇതിനിടയില്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ രജിസ്ട്രാറേയും ജോയിന്‍ രജിസ്ട്രാറേയും ചുമതലയില്‍ നിന്ന് മാറ്റി വി സി തിരിച്ചടിച്ചു. മിനി കാപ്പന് രജിസ്്ട്രാറുടെയും ഹേമ ആനന്ദിന് ജോയിന്റ് രജിസ്ട്രാറുടെയും ചുമതലയാണ് നല്‍കിയത്. എന്നാല്‍ ഇരുവരെയും ചുമതല ഏറ്റെടുക്കുവാന്‍ അനുവദിക്കില്ല എന്ന ഉറച്ച നിലപാടുമായി ഇടതു സംഘടനകള്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധം ആരംഭിച്ചു.
സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്ത് എത്തിയാല്‍ തടയുമെന്ന നിലപാടുമായി ഇടതു യുവജന വിദ്യാര്‍ഥി സംഘടനകളും രംഗത്ത് എത്തി. ഇതിനിടയില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ താന്‍ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നതായി
ഡോ.കെ എസ് അനില്‍ കുമാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. വിസി നിയമിച്ചവര്‍ ചുമതല ഏല്ക്കുവാന് വരാതിരുന്നതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്. സസ്പെന്ഷന് റദ്ദാക്കലും മാറ്റി നിയമനവുമായി ഇരു വിഭാഗവും പോരടിക്കുമ്പോള്‍ സര്‍വകലാശാലയ്ക്ക് ഇപ്പോള്‍ രണ്ട് രജിസ്ട്രാര്‍മാരും 2 ജോയിന്‍ രജിസ്ട്രാര്‍മാരും ഉള്ള അസാധാരണ സ്ഥിതിവിശേഷമാണ് തുടരുന്നത്.