സരിന്‍റെ ആത്മഹത്യക്ക് കാരണം അശാസ്ത്രീയ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍; പ്രതിപക്ഷ നേതാവ് സരിന്‍റെ വീട്ടിലെത്തി

Jaihind Webdesk
Thursday, October 21, 2021

 

കോട്ടയം : ചങ്ങനാശേരിയിലെ ഹോട്ടലുടമ സരിൻ മോഹന്‍റെ ആത്മഹത്യക്ക് കാരണം അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സരിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുഖ്യമന്ത്രിക്ക് വിമർശിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ഇഷ്ടമാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കോട്ടയം കുറിച്ചി സ്വദേശിയായ സരിൻ മോഹനെ ആത്മഹത്യയിലേക്ക് നയിച്ചത് ലോക്ക്ഡൗണിനെ തുടർന്ന് ഉണ്ടായ കടബാധ്യതയാണ്. പലിശക്കാർ വീട്ടിൽ വന്ന് സരിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് സർക്കാരിന്‍റെ അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനുശേഷം സരിൻ ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്ത് അടിയന്തിരമായി ജപ്തി നടപടികൾ നിർത്തി വെക്കണമെന്നും കൊവിഡ് രണ്ടാം തരംഗ കാലത്ത് മോറൊട്ടോറിയം ഇല്ലാത്തതും ജനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി സ്തുതിപാഠകരുടെ ഇടയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുകയാണ് പതിവെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം അതിന്‍റെ ധർമ്മം നിർവഹിക്കുകയാണ് ചെയ്യുന്നത്. ദുരന്തം ഉണ്ടായ ഒരു ദിവസം ആയിട്ടും രക്ഷാപ്രവർത്തനം നടത്തുന്നില്ല എന്നാണ് തങ്ങൾ ചൂണ്ടിക്കാട്ടിയത്.  മുഖ്യമന്ത്രി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട് എന്താണെന്ന് പഠിക്കണമെന്നും സതീശൻ കൂട്ടിചേർത്തു. ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമമല്ലാത്തത് ദുരന്തം ആണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.