ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കെട്ടിടം തേക്കുന്നതിനൊപ്പം പെയിന്റടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭരണം അവസാനിക്കുന്നതിനു മുമ്പ് ഉദ്ഘാടനം നടത്താനായാണ് തിടുക്കത്തില്‍ നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യു പ്രതിഭ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തേപ്പ് പണി നടക്കുന്നതിനൊപ്പം തന്നെ പെയിന്റിംഗ് കൂടി ചെയ്യുന്നത് അശാസ്ത്രീയവും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്നതുമാണെന്നിരിക്കെയാണ് വിചിത്രമായ നിർമാണപ്രവൃത്തി പുരോഗമിക്കുന്നത്.
തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താനാണ് രണ്ട് ജോലികളും ഒരുമിച്ച് ചെയ്യുന്നതെന്നും കൃത്യമായ മേൽനോട്ടമില്ലാതെ അശാസ്ത്രീയമായാണ് കെട്ടിട നിർമ്മാണം നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.