അടിവേരറുത്തു! സിപിഎമ്മിന് സമാനതകളില്ലാത്ത തകര്‍ച്ച; കോട്ടകള്‍ തകര്‍ന്നു തരിപ്പണമായി, ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു

Jaihind News Bureau
Saturday, December 13, 2025

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന് സമാനതകളില്ലാത്ത തിരിച്ചടി. പതിറ്റാണ്ടുകളായി പാര്‍ട്ടി കുത്തകയാക്കിവെച്ച കോട്ടകള്‍ പോലും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഏത് പ്രതിസന്ധിയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടകള്‍ കാക്കുന്ന സി.പി.എമ്മിന്റെ പതിവ് രീതി ഇത്തവണ പാടെ തെറ്റി. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം ആഞ്ഞടിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

പ്രധാന നഗരങ്ങളില്‍ സി.പി.എം. ദയനീയമായി തകരുകയാണ്. ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നേറുന്നു. സിപിഎം ലീഡ് ചെയ്യുന്നത് ഒരിടത്ത് മാത്രമാണ്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളായിരുന്ന കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് നേടിയ മുന്നേറ്റം സി.പി.എം. നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എം. ബിജെപിക്ക് പിന്നില്‍ കിതക്കുകയാണ് എന്ന ഞെട്ടിക്കുന്ന ചിത്രമാണ് കാണുന്നത്.

ഗ്രാമീണ മേഖലകളിലെ പാര്‍ട്ടിക്ക് ലഭിച്ച കനത്ത പ്രഹരം സി.പി.എമ്മിന്റെ അടിത്തറ ഇളകിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. 371 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വ്യക്തമായ ലീഡ് നേടുമ്പോള്‍, എല്‍ഡിഎഫ് 355 പഞ്ചായത്തുകളില്‍ മാത്രമാണ് മുന്നിലുള്ളത്. നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. 51 മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ എല്‍ഡിഎഫ് 32 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന അടക്കം പ്രഖ്യാപിച്ചാണ് സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ഈ പ്രഖ്യാപനങ്ങളൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മതിയായില്ല. പകരം, ശബരിമല സ്വര്‍ണക്കൊള്ളയുള്‍പ്പെടെയുള്ള അഴിമതികളും വിവാദങ്ങളും സി.പി.എമ്മിന്റെ അടിവേര് അറുത്തു എന്ന് ഉറപ്പിച്ച് പറയാം.

കഴിഞ്ഞ തവണ ഏറെ വിയര്‍പ്പൊഴുക്കി മറുപക്ഷത്ത് അടക്കം ഉണ്ടാക്കിയെടുത്ത മേല്‍ക്കൈ എല്ലാം തകര്‍ന്നിരിക്കുകയാണ്. ഈ കനത്ത തോല്‍വിക്ക് ജനങ്ങളോട് മറുപടി പറയാനും ന്യായീകരണം കണ്ടെത്താനും പാര്‍ട്ടി നേതാക്കള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ജനം സി.പി.എമ്മിന്റെ അഴിമതി ഭരണത്തിന് നല്‍കിയ കനത്ത പ്രഹരമാണിത്.