ലോക്ക്ഡൗൺ രാജ്യത്തെ അസംഘടിത മേഖലയ്ക്കുള്ള വധശിക്ഷ ; കേന്ദ്രത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി | Video

Jaihind News Bureau
Wednesday, September 9, 2020

 

ന്യൂഡല്‍ഹി : ആലോചനയില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗൺ രാജ്യത്തുണ്ടാക്കിയ ഗുരുതര പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ലോക്ക്ഡൗൺ രാജ്യത്തെ അസംഘടിത മേഖലയ്ക്കുള്ള വധശിക്ഷ നടപ്പാക്കലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 21 ദിവസം കൊണ്ട് കൊറോണയെ ഇല്ലായ്മ ചെയ്യുമെന്ന് പറഞ്ഞ് നടപ്പിലാക്കിയ ലോക്ക്ഡൗണിലൂടെ ഇല്ലാതായത് രാജ്യത്തെ ചെറുകിയ വ്യവസായ മേഖലയും 21 കോടി പേരുടെ തൊഴിലുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിനെക്കുറിച്ച് പുറത്തുവിട്ട വീഡിയോയിലാണ് മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നതിലപ്പുറം രാജ്യത്ത് അത് ഉണ്ടാക്കാൻ പോകുന്ന ഗുരുതര പ്രതിസന്ധികൾ മറികടക്കാൻ കേന്ദ്രം ചെറുവിരൽ പോലും അനക്കാൻ തയാറായില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലോക്ക്ഡൗൺ കൊറോണക്കെതിരായ ആക്രമണമായിരുന്നില്ലെന്നും അത് രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും ചെറുകിട വ്യാപാര – വ്യവസായ മേഖലയ്ക്കും എതിരായ ആക്രമണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറയുന്നു.

കേന്ദ്ര സർക്കാരിന്‍റെ അന്ധമായ നീക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂടുതൽ അപകടാവസ്ഥയിലാക്കി. ലോക്ക്ഡൗൺ കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നഷ്ടമാക്കി. ചെറുകിട വ്യവസായ മേഖലയെ തകർത്തു. രാജ്യത്തെ പാവപ്പെട്ടവരുടെയും കർഷകരുടെയും അവസ്ഥ കൂടുതൽ ദുരിത പൂർണമാക്കി. ലോക്ക്ഡൗൺ കാരണം 7 ലക്ഷത്തിലധികം ചെറുകിട കച്ചവടസ്ഥാപനങ്ങൾ പൂട്ടിയെന്ന് രാഹുൽ ഗാന്ധി വീഡിയോയിൽ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ മൂന്നിലൊന്നും അടച്ചുപൂട്ടേണ്ടിവന്നു. ലോക്ക്ഡൗൺ കാരണം 2.7 കോടി യുവാക്കൾക്ക് തൊഴിൽ നഷ്ടമായി.

ലോക്ക്ഡൗണിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് രാജ്യത്തെ സാധാരണക്കാരാണ്. ഈ ഘട്ടം മറികടക്കാനായി കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് ക്രിയാത്മകമായ നിരവധി നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഒന്നും ചെവിക്കൊള്ളാൻ കേന്ദ്രം തയാറായില്ല. കോൺഗ്രസ് ആവിഷ്‌കരിച്ച ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ടവരുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കണമെന്ന നിർദേശം കേന്ദ്രം ചെവിക്കൊണ്ടില്ല. ചെറുകിട മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തരമായി പദ്ധതി തയാറാക്കണമെന്ന കോൺഗ്രസ് നിർദേശവും പാലിക്കപ്പെട്ടില്ല.

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കോറോണക്കെതിരായ ആക്രമണമായിരുന്നില്ലെന്നും മറിച്ച് രാജ്യത്തെ സാധാരണക്കാരോടുള്ള ആക്രമണമായിരുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. യാതൊരു ആലോചനയുമില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്തെ പാവപ്പെട്ടവർക്കും കൃഷിക്കാർക്കും ചെറുകിട വ്യാപാരികൾക്കും എതിരായ ആക്രമണമായിരുന്നു. ചെറുകിട വ്യവസായ മേഖലയെയും അസംഘടിത മേഖലയെയും തകർത്ത ആക്രമണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

https://www.facebook.com/JaihindNewsChannel/videos/4223272574413401