ഉണ്ണിയേട്ടന്‍ ഫ്രം ടാന്‍സാനിയ കേരളത്തിലെത്തി

Jaihind News Bureau
Sunday, May 18, 2025

ലിപ്‌സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാന്‍സാനിയന്‍ താരം കിലി പോള്‍ കേരളത്തിലെത്തി. കുറച്ചു നാള്‍ കേരളത്തിലുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കിലി, തന്റെ ആദ്യ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

കേരളത്തില്‍ കിലിക്ക് നിരവധി ആരാധകരുണ്ട്. കിലി പോളിനെ, മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. കിലിക്കും ആ വിളി ഏറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ മലയാളം പാട്ടുകളുടെ ലിപ്‌സിങ്ക് വീഡിയോകള്‍ ‘ഉണ്ണിയേട്ടന്‍’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്.

കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് വിമാനത്തിൽ നിന്നുള്ള ചിത്രം കിലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ഉണ്ണിയേട്ടനെ’ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ മലയാളി ആരാധകർ.