തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Sunday, July 16, 2023

 

തൃശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്‍റെ അസ്വാഭാവിക മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ ഭാര്യ അറസ്റ്റിലായി. ഭാര്യാ- ഭർതൃ കലഹത്തിനിടയിൽ കത്തി കൊണ്ട് കുത്തേറ്റതാണ് മരണകാരണം. പ്രതി നിഷയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരണപ്പെട്ട സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ നിഷയാണ് പ്രതി. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നത് കണ്ട് ഒച്ചവെക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ പിടിവലിയായി.

ഇതിനിടെ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിരുന്നപ്പോൾ ഭയപ്പെട്ടു പോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു. കുറച്ച് നേരമായി ശബ്ദമൊന്നും കേൾക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്‍റെ മാതാവ് വന്നന്വേഷിച്ചപ്പോൾ ഇരുവരെയും ശാന്തരായിക്കണ്ട് തിരിച്ചു പോയി. കുറേ സമയം കഴിഞ്ഞും വിനോദിന്‍റെ രക്തസ്രാവം നിലക്കാത്തതു കണ്ട് ഒരു വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണപ്പെടുകയായിരുന്നു.