ഉന്നാവോ പീഡനം : പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

Jaihind News Bureau
Saturday, December 7, 2019

ഉത്തർപ്രദേശിലെ ഉന്നാവോയില്‍ പ്രതികൾ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.40 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം ഉണ്ടായതായാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്നാണ് വിവരം. മരണത്തിന് മുമ്പ് പെൺകുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നൽകിയെന്നാണ് സൂചന. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ ലക്‌നൗവിൽ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതിഗുരുതരമായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് തീ കൊളുത്തി പരിക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്ന് റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ തുടങ്ങവെ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു. പരാതിയിൽ നിന്ന് പിന്മാറാൻ പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കൂട്ടാക്കാതിരുന്ന യുവതിയെ ഉന്നാവ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.

ശരീരമാസകലം പൊള്ളലേറ്റത്തിനാൽ പെണ്‍കുട്ടി രക്ഷപ്പെടുന്നതിനുള്ള സാധ്യതയില്ലെന്ന് സഫ്ദർജങ് ആശുപത്രി അധികൃതര്‍ നേരത്തെ ആശങ്ക പങ്കുവെച്ചിരുന്നു. അതേസമയം പ്രതിയുടെ ബന്ധുക്കളിൽ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഒരു ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും അടങ്ങുന്ന സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചുണ്ട്.