ഉന്നോവോ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുമ്പോഴും പ്രതിയായ ബി.ജെ.പി എം.എല്‍.എയുടെ ഗുണ്ടാവിളയാട്ടം തുടരുകയാണ്. പെണ്‍കുട്ടി ചികിത്സയിലുള്ള ആശുപത്രി എം.എല്‍.എയുടെ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് ബന്ധുക്കള്‍ ഭയപ്പാടോടെ പറയുന്നു.
അതീവ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടി ആശുപത്രിയില്‍ തുടരുന്നത്. എന്നാല്‍ ആശുപത്രിക്കുള്ളിലേക്ക് കടക്കാനോ പെണ്‍കുട്ടിയെ കാണാനോ ബന്ധുക്കള്‍ക്ക് പോലും അനുവാദം നിഷേധിക്കപ്പെടുന്ന സ്ഥിതായാണുള്ളത്. എം.എല്‍.എയുടെ ഗുണ്ടകളാണ് തങ്ങളെ തടയുന്നതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നു. യു.പിയില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മാവന് പറഞ്ഞു. ആശുപത്രിയില്‍ കയറാന്‍ പോലും എം.എല്‍.എയുടെ ഗുണ്ടകള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ കാർ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.