ഉന്നാവൊ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടം: സി.ബി.ഐ അന്വേഷിക്കും.; ഇടപെട്ട് വനിത കമ്മിഷനും

Jaihind Webdesk
Monday, July 29, 2019

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ മാനഭംഗക്കേസിലെ ഇര അപകടത്തില്‍പ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടും. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുമെന്ന് ലഖ്‌നൗ എഡിജിപി അറിയിച്ചു. അതിനിടെ സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടു. സുതാര്യമായ അതിവേഗ അന്വേഷണം വേണമെന്ന് യുപി ഡിജിപിക്ക് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കത്തയച്ചു.
ഇതിനിടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. പെണ്‍കുട്ടിക്ക് പൊലീസ് അനുവദിച്ച സുരക്ഷ അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയും അമ്മയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചു.

ബി.ജെ,പി എം.എല്‍.എയ്‌ക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചും രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പര്‍ പ്‌ളേറ്റ് മായ്ച്ച നിലയിലാണെന്നതും പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹതയേറ്റുന്നു. കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പാണ് യു.പി പൊലീസ് പിന്‍വലിച്ചത്. എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നും, ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്നും യു.പി ഡിജിപി അവകാശപ്പെട്ടു. ബന്ധുക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും, എസ്പിയും ഇടത് പാര്‍ട്ടികളും നോട്ടീസ് നല്‍കി. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയം പരിശോധിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സഭയില്‍ പറഞ്ഞു.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടിട്ടും എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെ പുറത്താക്കാന്‍ ബി.ജെപി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു.