മന്ത്രി ആർ ബിന്ദുവിന് യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാല ഉത്തരവ്

Jaihind Webdesk
Monday, August 29, 2022

മന്ത്രി ആർ ബിന്ദുവിന് യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രൊഫെസർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാല ഉത്തരവ്. മന്ത്രി ആർ ബിന്ദു ഉൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ച മൂന്ന് അധ്യാപകർക്കാണ് പ്രൊഫസർ പദവി നൽകാൻ ഉത്തരവായത്. തിരഞ്ഞെടുപ്പുകാലത്ത് പ്രൊഫസർ പദവി ഉപയോഗിച്ച് വോട്ട് നേടിയതിനെതിരെയുള്ള ഹർജി മറികടക്കാനാണ് മുൻകാല പ്രാബല്യത്തോടെ മന്ത്രിക്ക് പദവി നൽകുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

2018ലെ യുജിസി റെഗുലേഷൻ പ്രകാരം ജോലിയിൽ തുടരുന്ന കാലയളവിൽ മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്ന് യുജിസി ചട്ടമുണ്ട്. ചട്ടപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി ആവണം ഇൻറർവ്യൂ നടത്തി പ്രൊഫസർ പദവിക്ക് ശുപാർശ നൽകേണ്ടത്. മന്ത്രി ആർ ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2021 മാർച്ചിൽ പദവിയിൽ നിന്ന് സ്വയം വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ പ്രൊഫസർ പദവി ഉപയോഗിച്ച് പ്രചാരണം നടത്തുകയും ബാലറ്റ് പേപ്പറിൽ പ്രൊഫസറെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തു യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി നൽകാൻ തിരക്കിട്ട നീക്കം നടക്കുന്നത്. പ്രൊഫസർ എന്ന പേരിൽ മന്ത്രിയായി ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും സംഭവം വിവാദമായതോടെ പ്രൊഫസർ പദവി പിൻവലിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമാകയായിരുന്നു.