സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍വ്വകലാശാല പരീക്ഷകള്‍ ; രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക

Jaihind Webdesk
Monday, June 28, 2021

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. രോഗ വ്യാപന സാധ്യതയുള്ളതു കൊണ്ടു തന്നെ പരീക്ഷകള്‍ റദ്ദ് ചെയ്യുകയോ, ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശിതരൂര്‍ എംപി അടക്കമുള്ള നേതാക്കള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ സര്‍ക്കാരും, സര്‍വ്വകലാശാലകളും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടു പോവുകയായിരുന്നു.

ഇതിനിടെ പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കോളേജിലെത്താമെന്ന സത്യവാംഗ്മൂലം നല്കണമെന്ന് കോളേജുകള്‍ ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാരം സര്‍വ്വകലാശാലകളും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. അതേ സമയം ഗതാഗത സൗകര്യമടക്കമുള്ളവ കുറവായതിനാല്‍ പലര്‍ക്കും പരീക്ഷയ്ക്ക് കൃത്യസമയത്ത് എത്തിച്ചേരാനും, മറ്റു ചിലര്‍ക്ക് പരീക്ഷ എഴുതാനും സാധിച്ചില്ല. പരീക്ഷകള്‍ ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ വലിയ തിരക്കാണ് കോളേജുകളില്‍ അനുഭവപ്പെട്ടത്. ഒരിടത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല.

വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നോ യാതൊരു വിധ നടപടിയും ഉണ്ടായില്ല. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പരീക്ഷകള്‍ തുടര്‍ന്നാല്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.