തിരുവനന്തപുരം : യൂണിവേഴ്സിറ്റികൾ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും ഓൺലൈൻ മുഖേനയോ മറ്റു ബദൽ മാർഗങ്ങൾ സ്വീകരിച്ചോ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിന് പ്രതിപക്ഷനേതാവ് കത്തയച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രതിസന്ധികളാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങളും നിലവിലില്ല. ഇതുമൂലം ദൂരസ്ഥലങ്ങളിൽ നിന്നു പോലും പരീക്ഷ എഴുതാൻ പോകേണ്ട സ്ഥിതിയുണ്ട്. വേണ്ടത്ര വാഹന സൗകര്യം ഇല്ലാത്തത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അക്കാദമിക് വർഷത്തിൽ ക്ലാസുകൾ ലഭിക്കാത്തതുമൂലം വിദ്യാർത്ഥികൾ പരീക്ഷയെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ. വിദ്യാർത്ഥികൾ മാനസികസമ്മർദ്ദം നേരിടുന്ന അവസ്ഥയാണുള്ളത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും നടത്താൻ തീരുമാനിച്ചിട്ടുള്ള പരീക്ഷകൾ ഓൺലൈൻ മുഖേനയോ മറ്റു ബദൽ മാർഗങ്ങൾ അവലംബിച്ചോ നടത്തുന്നതിന് യുജിസി മുഖാന്തരം യൂണിവേഴ്സിറ്റികൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.