സർവ്വകലാശാല പരീക്ഷകള്‍ നാളെ ആരംഭിക്കും ; ആശങ്ക അകലാതെ വിദ്യാർത്ഥികള്‍

Sunday, June 27, 2021

സർവ്വകലാശാല പരീക്ഷകള്‍ നാളെ അരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ ആശങ്കകള്‍ക്ക് പരിഹാരമില്ല. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും. പരീക്ഷക്ക് മുന്നോടിയായി ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികള്‍ക്ക് ഗതാഗത സൗകര്യമില്ലാത്തതും പ്രശ്നമാണ്. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെന്ന ആവശ്യത്തില്‍ വിദ്യാർഥികള്‍ ഉറച്ചുനില്‍ക്കുകയാണ്.

കാലിക്കറ്റ് സർവ്വകലാശാലയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം. ആർടിപിസിആർ പരിശോധനാ ഫലമുണ്ടെങ്കിലേ കാലികറ്റ് സർവ്വകലാശാല ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ കഴിയൂ. കൊവിഡ് കുറയാത്തതിലെ ആശങ്ക വേറെ.

പരീക്ഷ മാറ്റിവെക്കുകയോ ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയോ വേണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുകയും സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടത്തുകയുമാണ് വിദ്യാർഥികള്‍. പ്ലസ് ടു വിദ്യാർഥികളുടയെും ഓള്‍ഡ് സ്കീം വിഎച്എസ്ഇ യുടെയും പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങുന്നുണ്ട്.