സർവകലാശാലാ നിയമന വിഷയം: ഗവർണറും മുഖ്യമന്ത്രിയും നേർക്കുനേർ; നിലപാട് മാറ്റത്തിന് പിന്നില്‍ സമ്മർദ്ദമെന്ന് ആരോപണം

Jaihind Webdesk
Sunday, December 12, 2021

കണ്ണൂർ : സർവകലാശാലാ നിയമന വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും നേർക്കുനേർ. സർക്കാർ നയം അറിയാത്ത ആളല്ല ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചത് ഗവർണർ ആണ്. നിയമനത്തിന് ശേഷം നിലപാട് മാറ്റിയത് എന്തോ സമ്മർദ്ദത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. ദൗർബല്യങ്ങൾ പരിഹരിക്കും. സർക്കാർ നിലപാട് അറിയാത്ത ആളല്ല ഗവർണറെന്നും ഒന്നും നന്നാവരുത് എന്ന് ചിന്തിക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് ഗവർണർ കൈകൊള്ളുന്നത് നല്ല സമീപനമല്ല’ –  മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ വിസിയുടെ പ്രശ്നം അദ്ദേഹം ഒപ്പിട്ട് ഉത്തരവ് ആയതാണ്. പിന്നീട് തിരുത്തി പറയുന്നത് ശരിയല്ലെന്ന് ഗവർണർക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിസിയെ നിയമിച്ച് ഇപ്പോൾ നിലപാട് മാറ്റിയത് എന്ത് സമ്മർദ്ദത്തിന്‍റെ ഭാഗമാണ്. കലാമണ്ഡലം വിസി കേസ് കൊടുത്തത് ശരിയായില്ല. ഗവർണർ നടത്തിയ പരാമർശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അതിൽ നിന്ന് പിറകോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

ചാന്‍സിലറുടെ അധികാരം കവർന്നെടുക്കാനുള്ള ഒരു ശ്രമവും നടത്തിട്ടില്ല. ഗവർണറെ നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. തെറ്റായി എന്തെങ്കിലും ചെയ്യണമെന്ന് ഗവർണറോട് പറഞ്ഞിട്ടില്ല. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. അദ്ദേഹം പരസ്യമായി ചില കാര്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രതികരിച്ചുവെന്ന് മാത്രം. ഗവർണർ ചാൻസലർ സ്ഥാനം ഉപേക്ഷിക്കരുത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ചാൻസലറോടപ്പം സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.