വ്യക്തിവൈരാഗ്യവും രാഷ്ട്രീയവൈരാഗ്യവും തീര്‍ക്കാന്‍ സര്‍വ്വകലാശാലകളെ തിരഞ്ഞെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും കേരളം കീഴ്പോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ പതിമൂന്ന് സര്‍വ്വകലാശാലകളില്‍ പന്ത്രണ്ടിനും വൈസ് ചാന്‍സിലര്‍മാര്‍ ഇല്ല. കേരളത്തിന്റെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന് ആരോപിച്ചു. സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത് തുടര്‍ന്ന് പോയാല്‍ കുട്ടികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഭാരതാംബാ വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും ഒരു പോലെ കുറ്റക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.