ദുബായ് : കൊവിഡ് മൂലം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നൂറ്റിഎഴുപത്തിലധികം മലയാളികള്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍, ഇത്രയും കുടുംബങ്ങള്‍ അനാഥമായെന്നും, ഈ കുടുംബങ്ങളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യുഎഇയിലെ പി ആര് ഒ-മാരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര് ഒ അസോസിയേഷന് ആവശ്യപ്പെട്ടു.
ഇത്തരം കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 5000 രൂപ വീതം മാസംതോറും പെന്ഷന് അനുവദിക്കുക, മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുക, നിര്‍മാണം പൂര്‍ത്തിയാകാതെ പോയ വീടിന്റെ പണി പൂര്‍ത്തീകരിച്ചു നല്‍കുക, മരണമടഞ്ഞ പ്രവാസിയുടെ സംരക്ഷത്തിലുണ്ടായിരുന്ന രക്ഷിതാക്കള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുക, കുടുംബത്തിലെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ വിഷയങ്ങളില്‍, അടിയന്തിര നടപടി സ്വീകരിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും തയ്യാറാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ മരിച്ച നൂറ്റിയെഴുപതില്‍, നൂറു പേരും യുഎഇയിലാണ് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്ന് യുണെറ്റഡ് പി ആര് ഒ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പൂക്കാട് , ജനറല്‍ സെക്രട്ടറി അജിത്ത് ഇബ്രാഹിം എന്നിവര്‍ പറഞ്ഞു. എന്നാല്‍, ഇതെല്ലം കണ്ടും കേട്ടും കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും മുഖം തിരിച്ചുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
കേരളത്തിലെ പല മത, രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ അവരുടെ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്കായി ക്വാറന്റൈന് സംവിധാനത്തിന് വിട്ടുനല്‍കാമെന്നു പറഞ്ഞിട്ടും, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കളിക്കുന്ന നാടകം ആര്‍ക്കുവേണ്ടിയാണെന്നും ഇവര്‍ ചോദിച്ചു. ഈ സാഹചര്യത്തില്‍ ആവശ്യമായ സത്വരനടപടി കൈക്കൊള്ളാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണം. കേരളത്തിലേക്ക് തിരിച്ചു പോകാന്‍ അനുമതി കാത്തു നിലക്കുന്ന മുഴുവന്‍ ആളുകളെയും എത്രയും പെട്ടന്ന് ജന്മനാട്ടിലെത്തിക്കാന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.