‘മിണ്ടാതിരിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലും ഇഡി എത്തും’: ലോക്സഭയില്‍ പ്രതിപക്ഷ അംഗത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി; വിവാദം

Jaihind Webdesk
Friday, August 4, 2023

 

ന്യൂഡൽഹി: പാർലമെന്‍റില്‍ ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശം വിവാദത്തിൽ. മിണ്ടാതിരിക്കണമെന്നും അല്ലാത്തപക്ഷം ഇഡി നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നും പ്രതിപക്ഷ അംഗത്തോട് പറഞ്ഞതാണു വിവാദമായത്. ഡൽഹി ഭരണ നിയന്ത്രണ ബില്ലിൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഭീഷണി.

പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ‘‘ഏക് മിനിറ്റ് ഏക് മിനിറ്റ് ശാന്ത് രഹോ, തുമാരേ ഘർ ന ഇഡി ആ ജായേ” ( മിണ്ടാതിരിക്കൂ… അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലും ഇഡി എത്തിയേക്കാം).

കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ തെളിയിക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പരാമർശം എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മീനാക്ഷി ലേഖി നടത്തിയ പരാമർശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോ എന്നായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസിന്‍റെ ചോദ്യം. മീനാക്ഷി ലേഖിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.