‘ബേഠി പഠാവോ’ എഴുതാനറിയാതെ കേന്ദ്രമന്ത്രി; വ്യാപക വിമർശനം, ദൃശ്യങ്ങള്‍ വൈറല്‍ | VIDEO

Jaihind Webdesk
Wednesday, June 19, 2024

 

ധാർ/മധ്യപ്രദേശ്: മോദി സർക്കാരിന്‍റെ ആപ്തവാക്യമായ ബേഠി പഠാവോ, ബേഠി ബചാവോ എഴുതി തെറ്റിച്ച് പുലിവാല്‍ പിടിച്ച് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത എന്തെന്ന ചോദ്യവും ഉയർന്നു. ജൂണ്‍ 18-ന് മധ്യപ്രദേശിലെ ധാറില്‍ ഒരു സ്കൂളില്‍ നടന്ന പരിപാടിയില്‍ മന്ത്രി ബോർഡില്‍ എഴുതുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ‘ബേഠി പഠാവോ’ എന്നത് ഹിന്ദിയില്‍ തെറ്റായിട്ടാണ് മന്ത്രി എഴുതുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. മൂന്നാം മോദി സർക്കാരിലെ വനിതാ ശിശുക്ഷേമവകുപ്പ് സഹമന്ത്രിയാണ് സാവിത്രി താക്കൂർ. പന്ത്രണ്ടാം ക്ലാസ് പാസായെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരം.

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സ്ഥാനാർത്ഥികള്‍ക്ക് മിനിമം വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കാനാവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. മിശ്ര പ്രതികരിച്ചു. ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ഉത്തരവാദിത്തമുള്ളവരും അവരുടെ മാതൃഭാഷയിൽ പോലും പ്രാവീണ്യമില്ലാത്തവരാണെന്നത് ജനാധിപത്യത്തിന്‍റെ ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും മന്ത്രിസഭയിലെ ഉത്തരവാദിത്വം അവർക്ക് എങ്ങനെ നിറവേറ്റാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.