ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും

Friday, December 3, 2021

ന്യൂഡൽഹി: കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു. രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നത് ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ‘ഹൈ റിസ്ക്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കു വരുന്ന യാത്രക്കാരുടെ വിവരങ്ങൾ ‘എയർ സുവിധ’ പോർട്ടലിലൂടെ  അറിയാൻ സാധിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും നിരീക്ഷണ ഉദ്യോഗസ്ഥർക്ക്  പോർട്ടലിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഒമിക്രോണിന്‍റെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ നിര്‍ദേശിക്കുന്നു.