കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വൈകിട്ട് ; ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെ 11 മന്ത്രിമാര്‍ പുറത്തേക്ക്, സ്മൃതി ഇറാനിയെ ഒഴിവാക്കിയേക്കും

Wednesday, July 7, 2021

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് നടക്കും. ആറ് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 43 പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കും. ആരോഗ്യമന്ത്രി ഹർഷ് വർധന്‍ ഉള്‍പ്പെടെ 11 മന്ത്രിമാർ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. വി. മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായണൻ റാണെ, ഭീവണ്ടി എംപി കപിൽ പാട്ടീൽ, നൈനിറ്റാൾ എംപി അജയ് ഭട്ട്, എൽജെപി നേതാവ് പശുപതി കുമാർ പരസ്, ജെഡിയു നേതാവ് ആർസിപി സിങ്, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് എംപി, ന്യൂഡൽഹി എംപി മീനാക്ഷി ലേഖി, ഉഡുപി എംപി ശോഭ കരന്തലാജെ, ബീഡ് എംപി ഡോ. പ്രീതം മുണ്ടെ(ഗോപിനാഥ് മുണ്ടെയുടെ രണ്ടാമത്തെ മകൾ), ബംഗാളിൽ നിന്നുള്ള ശന്തനു ഠാക്കൂർ, നിതീഷ് പ്രാമാണിക്, ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവ്, കൗശംബി എംപി വിനോദ് സോൻകർ, സിർസ എംപിയും മുൻ ആദായനികുതി അസി. കമ്മിഷണറുമായ സുനിത ദുഗ്ഗൽ, മോദി മന്ത്രിസഭയിലെ സഹമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല, കിരൺ റിജിജു, ജി. കിഷൻ റെഡ്ഡി തുടങ്ങിയവർ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  മന്ത്രിസഭയില്‍നിന്ന് സ്മൃതി ഇറാനിയേയും മാറ്റിയേക്കും. സ്മൃതിക്ക് യുപിയുടെ ചുമതല നല്‍കിയേക്കും.