നികുതി നിരക്കുകളില്‍ മാറ്റമില്ല; ഇടക്കാല ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമന്‍

Jaihind Webdesk
Thursday, February 1, 2024

 

ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്താതെ രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. മോദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എടുത്ത് പറഞ്ഞായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് ധനമന്ത്രി പാർലമെന്‍റിലെത്തിയത്. ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. ലോക്സഭ വീണ്ടും നാളെ രാവിലെ 11 മണിക്ക് ചേരും.

11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. പുതിയ വിമാനത്താവളങ്ങൾക്ക് അ‌നുമതി നൽകും. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി. ജനസംഖ്യാവർധനയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതൽ പ്രോത്സാഹിപ്പിക്കും. സ്വയം സഹായ സംഘങ്ങളിൽ 9 കോടി വനിതകൾക്ക് സഹായം നൽകാനുള്ള പദ്ധതി സർക്കാർ തുടരും. യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നൽകും. റെയിൽവേയ്ക്ക് 3 സാമ്പത്തിക ഇടനാഴികൾ നടപ്പാക്കും. സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവെപ്പിന് സർക്കാർ ധനസഹായം നൽകും. ആദായ നികുതി സ്‌ലാബുകളിൽ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി. റെയിൽവേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും. വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ അവതരിപ്പിക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആഷാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.

2047 ആകുമ്പോഴേക്കും വികസിത ഭാരതമെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ജിഎസ്ടിയിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായതായി ധനമന്ത്രി പറഞ്ഞു.