ബജറ്റില്‍ വാഗ്ദാനങ്ങളുടെ ആവർത്തനം മാത്രം; സാധാരണക്കാരുടെ ദുരിതത്തിന് ആശ്വാസമില്ല

Jaihind Webdesk
Tuesday, February 1, 2022

ന്യൂഡല്‍ഹി : 2022 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് ജനപ്രിയ പ്രഖ്യാപനങ്ങളിൽ മാത്രം ഇത്തവണത്തെ  ബജറ്റുo ഒതുങ്ങി. അതേ സമയം പതിവുപോലെ സ്വകാര്യവത്കരണത്തിനാണ് ഇത്തവണയും സർക്കാർ പ്രഥമ പരിഗണന നൽകിയത്.

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായ രാജ്യത്തിന് കൈത്താങ്ങാവുവാനും നിരവധി പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും വാഗ്ദാനങ്ങളുടെ ആവർത്തനം മാത്രമാണ് പ്രകടമായത്. പതിവിന് വിപരീതമായി യാതൊന്നും തന്നെ നിർമല സീതാരാമന്‍റെ ബജറ്റ് പെട്ടിയിലുണ്ടായിരുന്നില്ല.

കൂടുതൽ സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കാനെന്ന വിശദീകരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ ഇത്തവണയും ബജറ്റിൽ  നടപടിയുണ്ടായി. എയർ ഇന്ത്യയ്ക്ക് പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

ഇതിന് പുറമെ കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ചില സൂത്രപ്പണികളും നിർമല സീതാരാമൻ അവ‌തരിപ്പിച്ച ബജറ്റിൽ ഇടം പിടിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ മാത്രമായി ബജറ്റ് ഒതുങ്ങി.