നിർമല സീതാരാമന്‍റെ ബജറ്റ് നിർമലമല്ല ; വിലക്കയറ്റത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും ബജറ്റ് വഴിയൊരുക്കും

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍ ചുവന്ന പൊതിയഴിച്ച് ബജറ്റ് പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യ കാത്തിരുന്നത്. നാല് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി  ചില പൊടിക്കൈകൾ ബജറ്റിൽ പ്രയോഗിച്ചപ്പോൾ ബജറ്റ് നിർമലമാകുമെന്നായിരുന്നു ഇന്ത്യൻ ജനത പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബജറ്റിന്‍റെ അവസാന ഭാഗത്ത് നികുതി നിർദേശങ്ങൾ സമർപ്പിച്ചപ്പോഴായിരുന്നു ബജറ്റിൽ ഒളിഞ്ഞിരിക്കുന്ന അഥവാ ചുവപ്പ് പൊതിക്കുള്ളിലെ അപകടം മനസിലായത്.

പെട്രോളിനും ഡീസലിനും ഒരു രൂപ അധിക നികുതി ചുമത്തുമെന്നുള്ള പ്രഖ്യാപനം ഇന്ത്യൻ സാധാരണക്കാരന്‍റെ കഴുത്തിൽ കത്തിവെക്കുന്നതിന് തുല്യമാണ് എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ മതം. ഇത് കടത്തുകൂലിയിലും ചരക്കുകൂലിയിലും വൻ വർധനവിന് വഴിയൊരുക്കുന്നതിനോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിനും വഴിയൊരുക്കുന്നതാണ്. ഇപ്പോൾത്തന്നെ പെട്രോളിയം-ഡീസൽ ഉത്പന്നങ്ങൾക്ക് പൊള്ളുന്ന വിലയാണ്. ഇതിനുപുറമെയാണ് ഇപ്പോൾ അധിക സെസായി ലിറ്ററിന് ഒരു രൂപ കൂടി ഈടാക്കാനുള്ള ബജറ്റ് നിർദേശം.

ഇതിനുപുറമെ സ്വർണത്തിനും സെസ് ഏർപ്പെടുത്തിയത് കേരളത്തിന് ഇരുട്ടടിയായി മാറും. ഇത് സ്വർണക്കള്ളക്കടത്തുകാരുടെ ചാകരയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. കേരളം പ്രതീക്ഷിച്ച വികസന പ്രവർത്തനങ്ങൾ ബജറ്റിലില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ചുരുക്കി പറഞ്ഞാൽ മുളക് പാക്കറ്റിൽ പഞ്ചസാര എന്ന് ലേബൽ ഒട്ടിച്ചതുപോലെയായി നിർമലാ സീതാരാമന്‍ അവതരിപ്പിച്ച കന്നി ബജറ്റ്.

nirmala sitaramanunion budget 2019
Comments (0)
Add Comment