“മനുഷ്യരോടും സമൂഹത്തോടും സ്നേഹവും കരുതലും പ്രതിബദ്ധതയുമുള്ള രണ്ട് പെൺകുട്ടികളെ അവിചാരിതമായി കണ്ടുമുട്ടി”; അപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക് താങ്ങായ യുവതികളെ കുറിച്ച് കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, June 7, 2023

തിരുവനന്തപുരം :വാഹനാപകടത്തില്‍ പരിക്കേറ്റ വ്യക്തിയെ രണ്ട് യുവ ഡോക്ടര്‍മാര്‍ ശ്രദ്ധയോടെ പരിചരിക്കുന്നത് അവിചാരിതമായി കണ്ടുമുട്ടിയതിന്‍റെ നന്മ നിറഞ്ഞ അനുഭവം പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് വരും വഴി അപകടത്തില്‍പെട്ടു റോഡില്‍ കിടക്കുകയായിരുന്ന ആളെ എംപി സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങിയപ്പോള്‍ നടന്ന സംഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.  ബോധരഹിതനായ വ്യക്തിയെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ രണ്ട് യുവതികള്‍ ചേര്‍ന്ന് എങ്ങിനെയൊക്കെ പരിചരിച്ചെന്നും, മെഡിക്കല്‍ കോളേജ് വരെ കൂട്ടുപോകുകയും അവര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്യുന്നത് നേരില്‍ കാണുകയും ചെയ്തതിന്‍റെ ഊഷ്മളമായ അനുഭവമാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. സഹജീവികളോട് സഹാനുഭൂതി കാണിക്കുന്ന മനുഷ്യരായി ഒരുകൂട്ടം യുവതലമുറ വളര്‍ന്നു വരുന്നത് കാണുമ്പോള്‍ ആഹ്ലാദമാണെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇന്ന് ഏറെ ഹൃദയം നിറഞ്ഞ ഒരനുഭവമുണ്ടായി. മനുഷ്യരോടും സമൂഹത്തോടും ഏറെ സ്നേഹവും കരുതലും പ്രതിബദ്ധതയും പുലർത്തുന്ന രണ്ട് പെൺകുട്ടികളെ അവിചാരിതമായി കണ്ടുമുട്ടിയതാണ് അത്.
ഇന്ന് ഞാനും സഹപ്രവർത്തകരും തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് വരും വഴിയാണ് സംഭവം. കക്കാഴം പാലത്തിലേക്ക് ഞങ്ങളുടെ വാഹനം കയറുമ്പോഴാണ് അവിടെ ഞങ്ങൾ ഒരു കാഴ്ച കണ്ടത്. അപകടത്തിൽ പരിക്കേറ്റ് ഒരാൾ റോഡിൽ കിടക്കുന്നു. അപ്പോൾത്തന്നെ വാഹനം നിർത്തി നോക്കിയപ്പോൾ അപകടത്തിൽപ്പെട്ട് ബോധരഹിതനായി ഒരാൾ കിടക്കുന്നതാണ് കണ്ടത്. അയാളിൽ നിന്ന് രക്തം വാർന്നൊഴുകുന്നുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും വാഹനത്തിൽ നിന്നിറങ്ങി അദ്ദേഹത്തെ ഞങ്ങളുടെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ആംബുലൻസ് ആ വഴി കടന്നുവന്നത്. ആ ആംബുലൻസ് നിർത്തി അദ്ദേഹത്തെ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആ മനുഷ്യന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ വായിൽക്കൂടി രക്തം വരുന്ന അവസ്ഥ വരെയുണ്ടായി. ഉടൻതന്നെ അവിടെയെത്തിച്ചേർന്ന രണ്ടുപേർ ഇദ്ദേഹത്തിന്റെ പൾസ് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ രണ്ട് കുട്ടികളായിരുന്നു അത്. അപകടം കണ്ടയുടനെ ഒരു നിമിഷം പോലും ആലോചിച്ചുനിൽക്കാതെ ഉടനെ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവർ. പൾസ് നോക്കി ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ആ കുട്ടികൾ ഇദ്ദേഹത്തെ ആ ആംബുലൻസിൽ കയറ്റി. ഒട്ടും മടിക്കാതെ അവരും ആംബുലൻസിൽ കയറി. അവിടെനിന്നുകൊണ്ടുതന്നെ ഞാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. അടിയന്തര ചികിത്സ നൽകുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും അദ്ദേഹം ഉറപ്പ് നൽകി. ഇത് ഉറപ്പുവരുത്താനായി ആംബുലൻസിന് പിറകെ ഞങ്ങളും കാറിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ കാത്ത് ആരോഗ്യപ്രവർത്തകർ നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് തീവ്ര പരിചരണം ഉറപ്പ് വരുത്തിയ ശേഷമാണ് ഞങ്ങൾ ആശുപത്രി വിട്ടത്.
രക്ഷാപ്രവർത്തനത്തിലും ആംബുലൻസിലും ശേഷം ആശുപത്രിയിലും നല്ല മനസ്സിനുടമകളായ ആ രണ്ട് ഹൗസ് സർജന്മാരും രോഗിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന് വേണ്ട ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അവർ അവിടം വിട്ടത്. ഏറെ ആശ്വാസവും സന്തോഷവും തോന്നി അതറിഞ്ഞപ്പോൾ.
രേഷ്മയും രവീണയും. ആ കുട്ടികൾ ഈ നാട്ടിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ നിറയിലേക്ക് ഉയർന്നുവരും എന്ന കാര്യത്തിൽ സമയമില്ല. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാർ സമൂഹത്തിന് എക്കാലവും മാതൃകയാണ്. അവരെയാണ് നമുക്ക് വേണ്ടത്. ഒപ്പം ഈ നിലയിൽ സഹജീവികളോട് സഹാനുഭൂതി കാണിക്കുന്ന മനുഷ്യരായിക്കൂടി അവർ മാറുമ്പോൾ അതേറെ ആഹ്ലാദമുണ്ടാക്കുന്നതാണ്.
ഒപ്പം അൽപ്പം മുൻപ് മെഡിക്കൽ കോളേജിലേക്ക് വിളിച്ചിരുന്നു. ഡോക്ടറുമായി സംസാരിച്ചു. പരിക്കേറ്റ വ്യക്തി ഇപ്പോഴും അപകടനില തരണം ചെയ്തില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.