അമേരിക്കയിൽ കാലംതെറ്റി മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും: വൈദ്യുതിയില്ലാതെ ഇരുട്ടിലായി ആയിരങ്ങൾ; അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ പകച്ച് യുഎസ്

Jaihind Webdesk
Friday, April 22, 2022

അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായി അമേരിക്ക. കാലം തെറ്റിയെത്തിയ കനത്ത ഹിമപാതവും കൊടുങ്കാറ്റുമാണ് ജനങ്ങളെ കഷ്ടത്തിലാക്കിയത്.  മഞ്ഞുവീഴ്ചയിലും ശക്തമായ കാറ്റിലും വടക്കു കിഴക്കൻ യുഎസിൽ മൂന്നു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. അതേസമയം സാധാരണയായി നല്ല കാലാവസ്ഥ കാണപ്പെടുന്ന സമയത്താണ് ഈ അപ്രതീക്ഷിത പ്രകൃതി ക്ഷോഭം.

യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ന്യൂയോർക്കിലെ ബിൻഗാംടണിൽ  ഉണ്ടായത്. 14.2 ഇഞ്ച് കനത്തിൽ മഞ്ഞ് വീണതോടെ റോഡുകളും പാലങ്ങളും വാഹങ്ങളുമെല്ലാം മഞ്ഞിനടിയിലായി. ബിൻഗാംടൺ മേയർ പട്ടണത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടതോടെ ഒരു പ്രദേശമാകെ ഇരുട്ടിലുമായി. 2007 ലെ 13.6 ഇഞ്ച് കനത്തിലുണ്ടായ മഞ്ഞുവീഴ്ചയുടെ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്.

വെർജീനിയ വരെയുള്ള സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും ദുരിതം വിതച്ചു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. അറുപതിലധികം തെരുവുകളിൽ മരങ്ങൾ വീണ് യാത്രാതടസം സൃഷ്ടിച്ചു. ന്യൂയോർക്ക്, പെൻസിൽവാനിയ, മെയ്ൻ, വെർമോണ്ട്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. എന്തായാലും കാലം തെറ്റിയെത്തിയ ഹിമപാതവും  കൊടുങ്കാറ്റും കടുത്ത ദുരിതമാണ് അമേരിക്കയിൽ സൃഷ്ടിച്ചിരിക്കുന്നത്.