തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കൊടിയ മര്‍ദ്ദനം തുടരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഇത് സിസ്റ്റത്തിന്റെയും അതിനെ നിയന്ത്രിക്കുന്നവരുടെയും കുഴപ്പമാണ്. പൊലീസിലെ ഒരു വിഭാഗത്തിന് അധോലോക-മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നും, ഇതിനെ നയിക്കുന്നത് ഒരു എ.ഡി.ജി.പി. ആണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പ്രതിഷേധ ജനകീയ സംഗമം മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസില്‍ ഒരു ഗുണ്ടാ-മാഫിയാ സംഘം രൂപപ്പെട്ടിരിക്കുന്നു. അതോടെ പൊലീസിലെ കണ്ടകശനി ആരംഭിച്ചു. ഈ കണ്ടകശനി മുഖ്യമന്ത്രി പിണറായി വിജയനെയും കൊണ്ടുപോകും. പൊലീസ് മര്‍ദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ കോണ്‍ഗ്രസ് സമരം തുടരും. തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറിയ ആ നാല് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാതിരിക്കാന്‍ സി.പി.എമ്മും ആര്.എസ്.എസും തമ്മില്‍ കള്ളക്കളി നടത്തുന്നുവെന്നും, ആ കള്ളക്കളിയും അവിശുദ്ധ കൂട്ടുകെട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.