ഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിയില്‍ വാദത്തിന് താല്പര്യമില്ലേയെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസില്‍ താല്‍പര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു. കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹര്‍ജിയെ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇ.ഡിയാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു ആണ് അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരാകുന്നത് എന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റണം എന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു.
കഴിഞ്ഞ നാല് തവണ ഇ.ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി ഇ.ഡി താത്പര്യത്തോടെയല്ല കാണുന്നതെന്ന നിരീക്ഷണം കോടതി നടത്തിയത്. എന്നാല്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റണം എന്ന് ആവശ്യപ്പെട്ടതെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇഡിയുടെ ആവശ്യം പരിഗണിച്ച് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 6 ആഴ്ചത്തേക്ക് മാറ്റി.