കൊല്ലം വവ്വാക്കാവ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണം: കേന്ദ്രത്തിന് കത്ത് നല്‍കി കെ.സി. വേണുഗോപാൽ എംപി

Jaihind Webdesk
Thursday, August 31, 2023

 

കൊല്ലം വവ്വാക്കാവ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കത്ത് നൽകി. ദേശീയപാതാ വികസന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ അടിപ്പാത നിർമിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ്.

ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങൾ ഇതിനോടകം മന്ത്രാലയത്തിന് നൽകിയിട്ടുള്ളതാണ്. പഠനാവശ്യത്തിനും മറ്റും വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ ദിവസവും വന്നു പോകുന്ന തിരക്കേറിയ ഒരു കവല കൂടിയാണിത്. പ്രധാനപ്പെട്ട വ്യവസായ കേന്ദ്രം കൂടിയാണ് ഇവിടം. കൂടാതെ അമൃതാനന്ദമയി മഠത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സുപ്രധാനമായ കവാടം കൂടിയാണ് വവ്വാക്കാവ് ജംഗ്ഷൻ. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതാ വികസന പദ്ധതികൾ പ്രകാരം അടിപ്പാതയ്ക്കായി ഒരു വ്യവസ്ഥയുമില്ല. ഇത് ദേശീയപാത വികസനം പൂർത്തിയാക്കുമ്പോൾ റോഡ് മുറിച്ചുകടക്കാൻ വലിയ ബുദ്ധിമുട്ട് പ്രദേശവാസികൾക്ക് സൃഷ്ടിക്കും. ജനങ്ങളുടെ യാത്ര ക്ലേശം ഇരട്ടിയാകും. നിലവിലെ പാത നിർമ്മാണം ഈ ജംഗ്ഷനെ രണ്ടായി വിഭജിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

സമാന രീതിയിലുള്ള ജനങ്ങളുടെ ദുരിതം മനസിലാക്കിയ നാഷണൽ ഹൈവേ അതോറിറ്റി ഓച്ചിറ, ചെങ്ങൻകുളങ്ങര , പുതിയകാവ് ജംഗ്ഷനിലും അടിപ്പാതയ്ക്ക് അനുമതി നൽകിയിരുന്നു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വവ്വാക്കാവ് ജംഗ്ഷനിലും അടിപ്പാത നിർമ്മിക്കാൻ ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ എംപി കത്തിലൂടെ ആവശ്യപ്പെട്ടു.