പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി; ഷിബു ബേബി ജോൺ

 

തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കേരള മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആർവൈഎഫ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി. ജലീൽ എംഎൽഎ പോലീസിനെതിരായ പരാതി സ്വീകരിക്കാൻ പുറത്തുവിട്ട വാട്സാപ്പ് നമ്പർ പിൻവലിച്ചത് സിപിഎം നേതൃത്വത്തിന്‍റെ വിലക്കിനെ തുടർന്നായിരുന്നു. എന്നാൽ സമാന നീക്കം അൻവർ എംഎൽഎ ചെയ്യുമ്പോൾ സിപിഎം മിണ്ടുന്നില്ല. സിപിഎം നേതൃത്വം അൻവറിനെയും അൻവറിന്‍റെ പിന്നിലുള്ള ഉപജാപക സംഘത്തെയും ഭയന്നു തുടങ്ങി. സിപിഎമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകിയ അധോലോക ചേരി രണ്ടു ചേരിയായി പിരിഞ്ഞതിന്‍റെ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ആർവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ആർവൈഎഫ് ദേശീയ പ്രസിഡന്‍റ് കോരാണി ഷിബു, ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ , ആർവൈഎഫ് നേതാക്കളായ പുലത്തറ നൗഷാദ്, അഡ്വ. കാട്ടൂർ കൃഷ്ണകുമാർ, അഡ്വ. കിരൺ ജെ. നാരായണൻ, ഷെമീന ഷംസുദ്ദീൻ, അഡ്വ. ദീപ മണി, ശ്യാം പള്ളിശ്ശേരിക്കൽ, അഡ്വ. യു. എസ്. ബോബി, സുനി മഞ്ഞമല, പ്രദീപ് കണ്ണനല്ലൂർ, എഫ്. സ്റ്റാലിൻ, കബീർ പൂവാർ , ശ്രീകാന്ത് കരകുളം, ജിൽ ജിത്ത്, റിജോ ചെറുവത്തൂർ , പി.കെ. പ്രവീൺ കുമാർ, വിബ്ജിയോർ, അജിമോൻ എന്നിവർ സംസാരിച്ചു.

വാഴയിൽ പിണറായിയുടെ കോലം വച്ച് സെക്രട്ടറിയേറ്റിന്‍റെ ബാരിക്കേഡിൽ കയറി ആർവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു . രണ്ടിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ആർവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂരിനും ആർവൈഎഫ് കാസറഗോഡ് ജില്ലാ പ്രസിഡന്‍റ് നാസിം ചാനടുക്കത്തിനും പരുക്കേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോയി.

Comments (0)
Add Comment