ശബരിപാതയുടെ അനിശ്ചിതത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട്; പ്രതിഷേധക്കുമെന്ന് എംപിമാർ

Jaihind Webdesk
Friday, August 9, 2024

 

ന്യൂഡൽഹി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ ശബരി പാതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മാത്രമാണെന്ന് കോൺഗ്രസ് എംപിമാർ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പ്രത്യേകിച്ച് റെയിൽവേ മന്ത്രിയും കേരള മുഖ്യമന്ത്രിയും തമ്മിൽ പരസ്പര വിശ്വാസം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ശബരിമല തീർത്ഥാടകർക്ക് വേണ്ടി മാത്രമുള്ള പദ്ധതിയല്ല. പാത കടന്നു പോകുന്ന ഇടങ്ങളിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾക്കും, കർഷകർക്കും ഇതിന്‍റെ ഗുണം ലഭിക്കുമെന്നും യാതൊരു ആവശ്യവും ഇല്ലാത്ത കെ -റെയിലിന്‍റെ പ്രാരംഭ പഠനത്തിന് ചിലവാക്കിയ തുക മതിയായിരുന്നു ശബരിപാതയുടെ ആദ്യഘട്ടം പൂർത്തീകരിക്കാനെന്നും എംപിമാർ വ്യക്തമാക്കി.

ശബരി പദ്ധതി ഉപേക്ഷിക്കാനുള്ളതല്ല. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ജീവൻ ലഭിച്ച പദ്ധതി ഇന്ന് എങ്ങും എത്താതെ അനിശ്ചിതത്വത്തിലാണ്. അതുകൊണ്ട് തന്നെ പാത കടന്നുപോകുന്ന മേഖലയിലെ എംപിമാർ പ്രതിഷേധത്തിലേയ്ക്ക് കടക്കുമെന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നയത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എംപിമാരായ ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പറഞ്ഞു.