തിരുവനന്തപുരം: വീണ്ടും അനധികൃത നിയമനനീക്കവുമായി സര്‍ക്കാര്‍. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോള്‍ കേരളയില്‍ 65 പേരെ അനധികൃതമായി സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. സി.പി.എം അനുഭാവികളെയും ബന്ധുക്കളേയുമാണ് വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന സ്‌കോള്‍ കേരളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മന്ത്രിസഭാ യോഗം തീരുമാനം ഉടൻ പരിഗണിക്കുമെന്നും നിയമനം അംഗീകരിക്കുമെന്നുമാണ് സൂചനകൾ.
സ്ഥിരപ്പെടുത്താൻ പോവുന്ന 65 പേരിൽ 29 പേർ അപേക്ഷിക്കുകയോ ഇന്‍റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തവരല്ല. ഒരു മാനദണ്ഡവും പാലിക്കാതെ കടന്നുവന്നവരെ സ്ഥിരപ്പെടുത്താനാണ് പുതിയ നീക്കം. ഇതിന് പുറമേ താൽക്കാലിക നിയമനത്തിൽ ഇല്ലാതിരുന്ന കാലയളവില്‍ അവരുടെ 4 വർഷത്തെ സർവീസ് റഗുലറൈസ് ചെയ്തു കൊടുക്കുകയും ചെയ്തു.
അതേസമയം സെപ്റ്റംബർ 23ന് നടന്ന എക്സിക്യൂട്ടീവ് കൗൺസിലിൽ നോമിനേറ്റഡ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത് എന്ന ആക്ഷേപവുമുയരുന്നുണ്ട്. ബൈലോ പ്രകാരം പങ്കെടുക്കേണ്ടിയിരുന്ന ഡിപിഐ, എച്ച്എസ്എസ് ഡയറക്ടർ, വിഎച്ച്എസ്ഇ ഡയറക്ടർ, സ്കോള്‍ കേരള ഡയറക്ടർ, വൈസ് ചെയർമാൻ എന്നീ എക്സ്- ഒഫിഷ്യോ മെമ്പർമാർ പങ്കെടുത്തിട്ടില്ല. ഹയർ സെക്കന്‍ഡറി ലയനത്തിനു ശേഷം ഡിപിഐ, എച്ച്എസ്എസ് ഡയറക്ടർ, വിഎച്ച്എസ്ഇ ഡയറക്ടർ എന്നീ തസ്തികകളില്ല. സ്കോള്‍ ഡയറക്ടർ, വൈസ് ചെയർമാൻ പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയുമാണ്.
നിയമപരമായ കമ്മിറ്റിയല്ല ചേർന്നിരിക്കുന്നതെന്ന ആക്ഷേപവുമുയരുന്നുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ ചിതയിലെ തീ മാറും മുൻപാണ് സർക്കാർ പുതിയ അനധികൃത നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. പി.എസ്.സിയിലൂടെ നിരവധി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നിൽക്കുമ്പോഴും അനധികൃത നിയമനങ്ങൾ തുടർക്കഥയാക്കുന്ന ഇടത് സർക്കാർ നയത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്.