മന്ത്രി ജലീലിന്‍റെ വകുപ്പില്‍ വീണ്ടും അനധികൃത നിയമനം ; ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ സ്ഥിരപ്പെടുത്തുന്നത് 13 പേരെ ; പട്ടികയില്‍ മന്ത്രിയുടെ ബന്ധുവും

Jaihind News Bureau
Sunday, November 8, 2020

 

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിന്‍റെ  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ 13 പേരെ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ. ബി മൊയ്തീന്‍ കുട്ടി ഫയല്‍ പൊതു ഭരണ വകുപ്പിന് സമര്‍പ്പിച്ചു.

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ 13 പേരെയാണ് ചട്ടങ്ങൾ മറികടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മന്ത്രി ജലീൽ ഫയലിൽ ഒപ്പിട്ടതായാണ് സൂചന. മന്ത്രിയുടെ ബന്ധുവായ ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ്  അനധികൃത നിയമനത്തിന് വേണ്ടിയുള്ള ഫയലുകളുടെ നീക്കു പോക്കുകൾ നടത്തുന്നത്.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടേറ്റിൽ നിന്നും പോയ കത്തിന്റെ അടിസ്ഥാനത്തില്‍ പൊതു ഭരണ വകുപ്പിലെ 3435/AD1/2020/DMW എന്ന ഫയലില്‍ ആണ് ഈ അനധികൃത സ്ഥിരനിയമനം നടത്തുന്നത്. ഇതോടൊപ്പം വകുപ്പിലെ സ്ഥിരപ്പെടുത്തേണ്ട ജീവനക്കാരുടെ വിവരങ്ങൾ ഉള്‍പ്പെടുത്തി 213/2020/MW2 എന്ന മറ്റൊരു ഫയലുമുണ്ട്.

നിയമ വകുപ്പോ, ധനവകുപ്പോ കാണാതെയാണ് ഫയൽ നീക്കമെന്നും സൂചനയുണ്ട്. 2018ല്‍ ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയപ്പോൾ ധന വകുപ്പ് ഫയല്‍ മടക്കിയിരുന്നു.  എന്നാൽ  മന്ത്രി നേരിട്ട് ഇടപെട്ടാണ് ഇപ്പോൾ ഫയല്‍ നീക്കം നടത്തുന്നതെന്നാണ് വിവരം.  അനധികൃത നിയമനത്തിനെതിരെ വകുപ്പ് ഡയറക്ടര്‍  ഐ എ എസ് ഉദ്യോഗസ്ഥരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിലവിൽ  ശുപാര്‍ശ ഡയറക്ടർ കൈമാറിയത്.

മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച എഴുപതോളം ജീവനക്കാരെ പിരിച്ചു വിട്ട് ശേഷം  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഈ നിയമനങ്ങൾ നടത്തിയിരുന്നത്.  റാങ്ക് പട്ടിക ഇല്ലാതെ  സി പി എം കാരെയും മന്ത്രിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും  നിയമിച്ചത് വിവാദമായതിനെ തുടർന്ന് ഉയർന്ന പരാതി വിജിലൻസ് അന്വേഷിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായി നിൽക്കുമ്പോഴാണ് വീണ്ടും അനധികൃത നിയമനത്തിൻ്റെ പേരിൽ മന്ത്രി ജലീലിനെതിരെ ജീവനക്കാരുടെ അമർഷം ഉയരുന്നത്.