അനധികൃത നിയമനം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Wednesday, July 15, 2020

 

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ അനധികൃത നിയമനങ്ങള്‍ പരിശോധിച്ചു നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

പി.എസ്.സി, എംപ്ലോയ്‌മെന്‍റ് എക്‌സ്‌ഞ്ചേഞ്ച് സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഇത്തരം നിയമനങ്ങള്‍. ഇവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയും രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന വിധത്തിലാണ് ഈ കരാര്‍-കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ മാറിയിരിക്കുന്നത്. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ അടക്കമുള്ള നിരവധി പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി ഇത്തരം അനധികൃത നിയമനങ്ങള്‍ നടക്കുന്നതെന്നു ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം നിരാകരിച്ചും, ഉമാദേവി കേസില്‍ അടക്കമുള്ള സുപ്രീംകോടതിയുടെ വിധി ന്യായങ്ങള്‍ ലംഘിച്ചും തെറ്റായ പിന്‍വാതില്‍നിയമനങ്ങളാണ് നടന്നുവരുന്നത്. ഈ സഹാചര്യത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുള്ള എല്ലാ അനധികൃത കരാര്‍-ദിവസവേതന നിയമനങ്ങളും അടിയന്തരമായി റദ്ദാക്കണമെന്നും ഇപ്രകാരം നിയമനം ലഭിച്ചിട്ടുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി സര്‍ക്കാര്‍ നിയമനങ്ങളില്‍ ജനങ്ങള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള വിശ്വാസം വീണ്ടെടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.