തിരുവനന്തപുരം : അർഹതയുണ്ടായിട്ടും ജോലി ലഭിക്കാതെ നിരാശരായി ജീവിതം പോലും അവസാനിപ്പിക്കേണ്ട ഗതികേടില്‍ കേരളത്തിലെ യുവത എത്തിയിട്ടും കണ്ണുതുറക്കാതെ പിണറായി സർക്കാർ. മന്ത്രി എ.കെ ബാലന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു വകുപ്പിലും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ കരാർ നിയമനത്തിന് ഉത്തരവിറങ്ങി. പിന്‍വാതില്‍ നിയമനങ്ങള്‍ മുറപോലെ തുടരുകയാണ് ഇടത് സർക്കാർ.
എൻജിനീയറിംഗ് ഗ്രേഡ് 2 വില്‍ രണ്ട് ഓവർസിയർമാർ, ഒരു ഓവർസിയർ ഗ്രേഡ് 3 എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികള്‍ ജോലിയില്ലാതെ നിരാശരായിരിക്കുമ്പോഴാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ നടപടി തുടരുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും ജോലി ലഭിക്കാത്തതില്‍ നിരാശനായി തിരുവനന്തപുരം കാരക്കോണം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന്‍റെ ധാർമ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായി സർക്കാരിന് ഒഴിയാനാവില്ല. യോഗ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികള്‍ ജോലിയില്ലാതെ നട്ടംതിരിയുമ്പോള്‍ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത സ്വപ്നാ സുരേഷ് പോലുള്ളവർക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളത്തോടെയാണ് സർക്കാർ ജോലി നല്‍കിയത്.
സർക്കാരിന്‍റെയും പി.എസ്.സിയുടെയും യുവജനവഞ്ചനക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. നിരവധി അനധികൃത നിയമനങ്ങളാണ് ഇതിനോടകം സർക്കാർ വിവിധ വകുപ്പുകളില്‍ ഇതിനോടകം നടത്തിയത്. കൊവിഡിന്‍റെ മറവിലും ഇടത് സർക്കാർ പാർട്ടി അനുഭാവികളെ വിവിധ തസ്തികകളില്‍ തിരുകിക്കയറ്റുന്നത് തുടരുകയാണ്.