പി.ടിയുടെ കല്ലറയ്ക്കല്‍ കണ്ണീരോടെ ഉമ; പ്രാര്‍ത്ഥനയോടെ പ്രചാരണത്തിന് തുടക്കം

Jaihind Webdesk
Wednesday, May 4, 2022

 

ഇടുക്കി : പി.ടി അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട്ടിലെ സെന്‍റ് ജോസഫ് ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പി.ടിയുടെ അരികിലെത്തിയപ്പോള്‍ ആ ഓര്‍മ്മകളില്‍ ഉമയുടെ കണ്ണ് നിറഞ്ഞു. പി.ടി ഉയർത്തിയ ഉന്നതമായ മൂല്യങ്ങളിലും നിലപാടുകളിലും ഉറച്ച് മുന്നോട്ടുപോകുമെന്ന് ഉമാ തോമസ് വ്യക്തമാക്കി.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ ഉമ മക്കൾക്കൊപ്പം പി.ടിയുടെ ജന്മനാടായ ഉപ്പുതോട്ടിലേക്ക് പോയിരുന്നു.  ഇന്ന് പുലർച്ചെ ഉപ്പുതോട് സെന്‍റ് ജോസഫ്സ് പള്ളിയിൽ എത്തി. പിടിയുടെ ചിതാഭസ്മം അടക്കം ചെയ്ത പുതിയാപറമ്പിൽ കുടുംബക്കല്ലറയ്ക്ക് മുന്നിൽ അല്‍പനേരം പ്രാർത്ഥന. കല്ലറയിൽ പ്രാർത്ഥനയ്ക്ക് ശേഷം പുഷ്പാർച്ചന നടത്തി. പി.ടിയുടെ അടുത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങണമെന്നത് ആഗ്രഹമായിരുന്നു എന്ന് ഉമാ തോമസ് പറഞ്ഞു. തുടർന്ന് പള്ളിയിലെത്തി കുർബാനയിൽ പങ്കുകൊണ്ടു. കുർബാനയ്ക്ക് ശേഷം വീണ്ടും പി.ടിയുടെ കല്ലറയിൽ എത്തി പ്രാര്‍ത്ഥനയില്‍ മുഴുകി. ഇതിന് ശേഷമാണ് ഉമാ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങിയത്. ഡീൻ കുര്യാക്കോസ് എംപിയും ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവും സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

സിൽവർ ലൈൻ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിക്കാട്ടി ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും ഇനിയുള്ള പ്രവർത്തനങ്ങൾ പാർട്ടിയും മുന്നണിയും തീരുമാനിക്കുന്നതിന് അനുസരിച്ചാവുമെന്നും ഉമാ തോമസ് വ്യക്തമാക്കി. പി.ടിയുടെ അനുഗ്രഹം വാങ്ങി തികഞ്ഞ ആത്മവിശ്വാസത്തോടെ തൃക്കാക്കരയിലേക്ക് മടങ്ങും വഴി ഇടുക്കി ബിഷപ്പിനെയും ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ച് ഉമാ തോമസ് അനുഗ്രഹം വാങ്ങി. പി.ടിയുടെ അനുഗ്രഹത്തോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. മണ്ഡലം യു ഡി എഫ് കൺവൻഷനും ഇന്നു നടക്കും.