ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖ മാർക്ക് ആശംസകളർപ്പിച്ച് ഉമാ തോമസ്

Jaihind Webdesk
Thursday, May 12, 2022

തൃക്കാക്കര: ലോക നഴ്സസ് ദിനത്തിൽ കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലെ മാലാഖമാർക്ക് ആശംസകളർപ്പിക്കാന്‍ നേരിട്ടെത്തി   ഉമാ തോമസെത്തി. കയ്യിൽ ഒരു പൂച്ചട്ടിയുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി നഴ്സുമാരെ കാണാെനെത്തിയത്.  തന്നെ സ്നേഹത്തോടെ സ്വീകരിച്ച മാലാഖമാരോട് ഉമക്ക് പറയാനുണ്ടായത് വെല്ലൂരിലെ ആശുപത്രി വിശേഷങ്ങളും പി ടി യെ നഴ്സുമാർ നോക്കിയ അനുഭവങ്ങളുമായിരുന്നു.

എന്‍റെ  ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആത്മബലം തന്ന് കൂടെ നിന്നവരാണ് വെല്ലൂർ മെഡിക്കൽ കോളജിലെ നഴ്സുമാർ. എന്നോട് അവർ കാണിച്ച സ്നേഹവും കാരുണ്യവും അത്രമേൽ വലുതാണ്. ഒരു കുത്തിവയ്പ് നടത്തുമ്പോൾ പോലും അവർ പി.ടി.യെ വേദനിപ്പിക്കാതെ അനുഭാവപൂർവ്വം പെരുമാറി. സ്നേഹപൂർവ്വം തമാശകൾ പറഞ്ഞ്
ഞങ്ങളുടെ അതിസങ്കീർണമായ അവസ്ഥകൾക്ക് ആശ്വാസമേകി. എന്നെയും പി.ടി.യെയും അവരുടെ സ്വന്തമായി കണ്ടു .പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്‍റെ പ്രതീകമായ ആ മാലാഖമാരായിരുന്നു ഉമ തോമസ് പറഞ്ഞു. തങ്ങൾക്ക് ആശംസ നേരാൻ എത്തിയ ഉമാ തോമസിനോട് നന്ദി രേഖപ്പെടുത്താൻ നഴ്സുമാരും മറന്നില്ല.

ആശുപത്രിയിൽ എത്തിയ ഉമാ തോമസിനെ സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവ്വീനും ഡോ.ഹഫീസ് റഹ്മാനും ചേർന്ന് സ്വീകരിച്ചു. ആശുപത്രി ജീവനക്കാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും, രോഗികളോട് വിശേഷങ്ങൾ തിരക്കിയുമാണ് ഉമ തോമസ് മടങ്ങിയത്.