ഷാര്‍ജ: കേരള ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ അടക്കപ്പെടാന്‍ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്നെന്ന് നിയമസഭയില്‍ മുഖത്തുനോക്കി പറഞ്ഞ വ്യക്തിത്വമാണ് പി.ടി തോമസെന്നും അതിലേക്കാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ പോകുന്നതെന്നും ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് യുഎഇയിലെ ഷാര്‍ജയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറ്റേറ് തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കെയാണ് ഉമ ജയ്ഹിന്ദ് ന്യൂസിനോട് ഇങ്ങനെ പ്രതികരിച്ചത്.
കേരള നിയമസഭ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും. എല്ലാ അന്വേഷണങ്ങളും മുഖ്യമന്ത്രിയിലേക്ക് എത്തുന്നു. അന്വേഷണം സി.എം രവീന്ദ്രനില്‍ മാത്രം എത്തിയാല്‍ പോരാ. അത് മുഖ്യമന്ത്രിയിലേക്ക് വൈകാതെ എത്തും. മുഖ്യമന്ത്രി രാജിവെക്കേണ്ടി വരും. രണ്ടാം പിണറായി സര്‍ക്കാര്‍ അഹങ്കാരത്തിന്‍റെ പര്യായമായി മാറി. എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും ഉമാ തോമസ് പറഞ്ഞു. എംഎല്‍എ ആയതിന് ശേഷം യുഎഇയില്‍ ആദ്യമായി എത്തിയതായിരുന്നു ഉമ. പി.ടി തോമസിന്‍റെ പേരില്‍ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യുഎഇ ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിതരണം ചെയ്യാനാണ് ഉമാ തോമസ് എത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനാണ് പി.ടി സ്മാരക പുരസ്‌കാരം.