
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ആത്മാവിന് ഒരിക്കലും തൃപ്തി വരില്ലെന്ന് ഭാര്യയും തൃക്കാക്കര എം.എല്‍.എ.യുമായ ഉമാ തോമസ്. നീതിക്കുവേണ്ടി പി.ടി. നടത്തിയ തീവ്രമായ പോരാട്ടങ്ങളെ ഓര്‍ത്തെടുത്തുകൊണ്ടാണ് വിധിയില്‍ തന്റെ വൈകാരികമായ പ്രതികരണം ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
നടിയെ തെരുവില്‍ അപമാനിച്ചതറിഞ്ഞ രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതും, കേസിനു പിന്നിലെ ‘തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തതും’, കോടതിയില്‍ മൊഴി നല്‍കിയതും, ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാവും പകലും നിരാഹാരം അനുഷ്ഠിച്ചതുമെല്ലാം പി.ടി. തോമസിന്റെ ധീരമായ നിലപാടുകളായിരുന്നു എന്ന് ഉമാ തോമസ് ഓര്‍മ്മിപ്പിച്ചു.
‘പി.ടി.യുടെ ആത്മാവ്, ഇന്നീ വിധിയില്‍ ഒരിക്കലും തൃപ്തിയാകില്ല,’ അവര്‍ കുറിച്ചു. കോടതി നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍, ഇരയായ പെണ്‍കുട്ടി മുമ്പ് പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഒരു ഉപാധിയുമില്ലാതെ ആ പെണ്‍കുട്ടിക്കൊപ്പം മാത്രമാണ് താനെന്നും ഉമാ തോമസ് തന്റെ കുറിപ്പിലൂടെ ഉറപ്പിച്ചു പറഞ്ഞു.