നിലപാടുകളുടെ രാജകുമാരന്‍റെ പിന്‍ഗാമി; തൃക്കാക്കരയുടെ കൈ പിടിക്കാന്‍ ഉമ എത്തുമ്പോള്‍

Tuesday, May 3, 2022

 

പി.ടി തോമസിന്‍റെ പോരാട്ടം എറ്റെടുക്കാന്‍ പി.ടിയുടെ പ്രിയ പത്‌നി ഉമാ തോമസിനെ തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കെഎസ്‌യുവിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന കരുത്തയായ നേതാവാണ് ഉമ. കെഎസ്‌യുവിലൂടെയാണ് ഉമാ തോമസ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കോളേജ് കാലഘട്ടം മുതല്‍തന്നെ സജീവ രാഷ്ട്രീയ പ്രവർത്തകയായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. 1980 മുതൽ 1985 വരെ മഹാരാജാസിൽ ആണ് ഉമാ തോമസ് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂർത്തിയാക്കിയത്. 1982 ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിൽനിന്നും വനിതാ പ്രതിനിധിയായി വിജയിച്ച ഉമ 1984 ൽ യൂണിയൻ വൈസ് ചെയർപേഴ്സണായും വിജയിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായ പിടിയെ ഉമ പരിചയപ്പെടുന്നത്. പിന്നീട് പിടിയുടെ ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു ഉമ.  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ഉമ പിടിയുടെ ജീവിതസഖിയായി മാറിയത്. 1987 ജൂലൈ 9 ന് ആയിരുന്നു വിവാഹം. ബിഎസ്‌സി ബിരുദധാരിയായ ഉമ ഉമ കൊച്ചിയിലെ ആസ്റ്റർമെഡ്സിറ്റിയിൽ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്‍റ് മാനേജർ ആയി ജോലി ചെയ്യുകയാണ്.

പിടിയുമായുള്ള വിവാഹത്തിന് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്ന ഉമ പിടിക്ക് താങ്ങായും തണലായും നിലകൊണ്ടു. പിടിയുടെ ഉയർച്ച താഴ്ചയിൽ കൈപിടിച്ച് ഉയർത്താൻ ഉമ ഒപ്പം നിന്നു. ഇടുക്കിയിലും, തൊടുപുഴയിലും തൃക്കാക്കരയിലും പ്രചാരണത്തിൽ ഒരു സാധാരണ പ്രവർത്തകായി ഉമ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയ്ക്ക് ഉമയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എറണാകുളത്ത് ജനിച്ചുവളർന്ന ഉമയ്ക്ക് നഗരത്തിന്‍റെ മുക്കും മൂലയും തിരിച്ച് അറിയാം. മൂന്ന് പതിറ്റാണ്ടായി എറണാകുളത്ത് സ്ഥിര താമസം ആണ് ഉമ.

പി.ടി തോമസ് ആരംഭിച്ച പോരാട്ടം ഏറ്റെടുത്ത് ഉമാ തോമസ് മുന്നോട്ട് പോകുകയാണ്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തിലും ഉമാ തോമസ് പങ്കെടുത്തിരുന്നു. സമരവേദിയിലെത്തി വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവും ഉമാ തോമസ് നടത്തുകയുണ്ടായി. തൃക്കാക്കരയുടെ സമഗ്ര വികസനമെന്ന പിടിയുടെ സ്വപ്നം ഉമയിലൂടെ സാധ്യമാകുമെന്ന് അടിയുറച്ച് വിശ്വസിക്കാം. കോൺഗ്രസിനെ ഒരിക്കലും കൈവിടാത്ത തൃക്കാക്കര പി.ടിയുടെ പിന്‍ഗാമിയാകാനെത്തുന്ന ഉമയുടെ കൈപിടിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.