‘അതിജീവിതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇനിയും വൈകരുത്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം’: ഒപ്പമുണ്ടെന്ന് ഉമാ തോമസ് എംഎല്‍എ

Jaihind Webdesk
Saturday, April 13, 2024

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇനിയും വൈകരുതെന്ന് ഉമാ തോമസ് എംഎല്‍എ. തന്‍റെ സ്വകാര്യതയ്ക്ക് കോടതിയില്‍ പോലും സുരക്ഷയില്ലെന്ന് അതിജീവിതയുടെ ആശങ്ക കാണാതിരിക്കാനാവില്ല. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. നീതി സംരക്ഷിക്കാനുള്ള യാത്രയിൽ പി.ടി. തോമസ് എങ്ങനെ ഒപ്പം നിന്നോ അതുപോലെ താനും അതിജീവിതയ്ക്ക് ഒപ്പമുണ്ടെന്നും ഉമാ തോമസ് സാമൂഹ്യമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. അതിജീവിതയുടെ സാമൂഹ്യമാധ്യമ കുറിപ്പും പങ്കുവെച്ചുകൊണ്ടായിരുന്നു ഉമാ തോമസിന്‍റെ പ്രതികരണം.

 

ഉമാ തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

തന്‍റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി. നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും “അവൾക്കൊപ്പം” എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തിൽ ഒരു പിതാവിന്‍റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.

കേരളം പകർന്നു നൽകിയ മനക്കരുത്തുമായി അവൾ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് വെളിച്ചമാകാൻ അവൾ ഇറങ്ങിത്തിരിക്കുമ്പോൾ പി.ടിയുടെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കേസിലെ നിർണായക തെളിവായ മെമ്മറിക്കാർഡ് നിരവധി തവണ പലരാൽ, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കാർക്കും കഴിയില്ല. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു.

തന്‍റെ സ്വകാര്യതയ്ക്ക് കോടതിയിൽപ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേൽക്കോടതിയുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാൻ ഇനി വൈകിക്കൂടാ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ… നീതി സംരക്ഷിക്കാനുള്ള യാത്രയിൽ പി.ടി എങ്ങനെ ഒപ്പം നിന്നോ അതേപോലെ ഞാനും ഒപ്പമുണ്ട്…